ലഖ്‌നൗ: ബോളിവുഡ് താരങ്ങൾക്കെതിരെ വിവാദ പരാമർശവുമായി വിവാദ യോഗഗുരു ബാബാ രാംദേവ്. രാജ്യത്ത് ലഹരി പിടിമുറുക്കി കഴിഞ്ഞെന്നും ചലച്ചിത്ര, രാഷ്ട്രീയരംഗങ്ങളിലെല്ലാം ലഹരിയുടെ സ്വാധീനം ശക്തമായെന്നും രാംദേവ് പറയുന്നു. ബോളിവുഡ് നടന്മാർക്കെതിരെയും മയക്കുമരുന്ന് ആരോപണങ്ങൾ രാംദേവ് ഉന്നയിക്കുന്നുണ്ട്.
മൊറാദാബാദിൽ മയക്കുമരുന്ന് വിരുദ്ധ കാമ്പെയിൻ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു രാംദേവിന്റെ വിവാദ പരാമർശങ്ങൾ. സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കും. ഷാറൂഖ് ഖാന്റേയും അമീറ്‍ ഖാന്റേയും കാര്യം അറിയില്ലെന്നായിരുന്നു രാംദേവിന്റെ പരാമർശം.
”സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ആമിർ ഖാനെക്കുറിച്ച് അറിയില്ല. മയക്കുമരുന്ന് ഉപയോഗത്തിനിടെയാണ് ഷാറൂഖ് ഖാന്റെ മകൻ പിടിയിലായതും ജയിലിൽ കഴിഞ്ഞതും. നടിമാരുടെ കാര്യം ദൈവത്തിനു മാത്രമേ അറിയൂ..” രാംദേവ് പറഞ്ഞു. സിനിമാ മേഖലയിൽ ആകെ മയക്കുമരുന്നാണെന്നും രാംദേവ് ആരോപിച്ചു.
സിനിമയോടൊപ്പം രാഷ്ട്രീയത്തിനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു.
”മയക്കുമരുന്ന് രാഷ്ട്രീയത്തിലുമുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതൊക്കെ ഇതിന്റെ ഉദാഹരണമാണ്.. എല്ലാതരത്തിലുമുള്ള ലഹരി ആസക്തിയിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണം. ഇതിനായി ഒരു മൂവ്‌മെന്റ് ആരംഭിക്കും,” അദ്ദേഹം വ്യക്തമാക്കി.
Content Highlight: Baba Ramdev says salman khan uses drugs