ന്യൂദല്‍ഹി: യോഗ പരിശീലകന്‍ ബാബ രാംദേവിന്റെ സ്ത്രീകളെ കുറിച്ചുള്ള പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്,’ എന്നായിരുന്നു കഴിഞ്ഞ ദിവസം സ്ത്രീകളുടെ വസ്ത്രധാരണ രീതിയെ കുറിച്ച് സംസാരിക്കവെ രാംദേവ് പറഞ്ഞത്.
എന്നാല്‍ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ- സാമൂഹ്യരംഗത്തുള്ളവര്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ജീവിതപങ്കാളി അമൃത ഫഡ്‌നാവിസിന്റെ സമീപമിരുന്ന് കൊണ്ടായിരുന്നു ബാബാ രാംദേവിന്റെ പരാമര്‍ശം. ഇതും സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
”സ്ത്രീകള്‍ സാരിയില്‍ സുന്ദരികളാണ്. സല്‍വാര്‍ സ്യൂട്ടുകളില്‍ അവര്‍ നന്നായി കാണപ്പെടുന്നു. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍, എന്നെപ്പോലെ ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്,” എന്നായിരുന്നു ബാബാ രാംദേവ് പറഞ്ഞത്.
വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ താനെയില്‍ ഒരു യോഗ പരിശീലന പരിപാടിയില്‍ (യോഗ സയന്‍സ് ക്യാമ്പ്) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇയാള്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെ അടക്കമുള്ള പ്രമുഖരും ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.
മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റുപാലി ചകന്‍കര്‍ (Rupali Chakankar) പരാമര്‍ശത്തില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് രാംദേവിന് നോട്ടീസയച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
രാംദേവിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് (Sanjay Raut), അമൃത ഫഡ്‌നാവിസ് ഇത് കേട്ടുകൊണ്ട് പ്രതിഷേധിക്കാതെ വേദിയിലിരുന്നതിനെയും അപലപിച്ചു.
”ഗവര്‍ണര്‍ ശിവജിക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയപ്പോഴും, മഹാരാഷ്ട്രയിലെ ഗ്രാമങ്ങളെ കര്‍ണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയപ്പോഴും, ബി.ജെ.പി പ്രചാരകന്‍ രാംദേവ് സ്ത്രീകളെ അപമാനിക്കുമ്പോഴും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
തങ്ങളുടെ നാവ് ദല്‍ഹിക്ക് പണയം വെച്ചാണോ സര്‍ക്കാര്‍ ഇരിക്കുന്നത്,” സഞ്ജയ് റാവത്ത് പറഞ്ഞു.
എന്‍.സി.പി പ്രവര്‍ത്തകരും രാംദേവിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചു. രാംദേവിന്റെ ഫോട്ടോയില്‍ ചെരിപ്പുമാല അണിയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
യോഗ ഗുരുവിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാടാണ് പ്രസ്താവനയിലൂടെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നതെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പ്രതികരിച്ചത്.
അതേസമയം സ്ത്രീകളെ അപമാനിച്ച് കൊണ്ടുള്ള പരാമര്‍ശത്തില്‍ ബാബാ രാംദേവ് മാപ്പ് പറയണമെന്നാണ് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
”മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ മുന്നില്‍വെച്ച് സ്ത്രീകളെ കുറിച്ച് രാംദേവ് നടത്തിയ പരാമര്‍ശം വളരെ മോശവും അപലപനീയവുമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിച്ചു.
ഈ പ്രസ്താവനയില്‍ ബാബാ രാംദേവ്ജി രാജ്യത്തോട് മാപ്പ് പറയണം,” എന്നാണ് സ്വാതി മലിവാല്‍ ട്വീറ്റ് ചെയ്തത്.
സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ രാംദേവിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് തെലങ്കാന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിലെ ഗാന്ധി ഭവനില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ രാംദേവിന്റെ കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്.
Content Highlight: Baba Ramdev’s Remarks on women’s attire spark controversy