| Monday, 5th June 2017, 1:35 pm

പ്രണോയ് റോയിയ്‌ക്കെതിരായ നടപടിയ്ക്കു പിന്നില്‍ ബിസിനസ് താല്‍പര്യമോ? എന്‍.ഡി.ടി.വി സ്വന്തമാക്കാന്‍ ബാബ രാംദേവ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളിലൊന്നായ എന്‍.ഡി.ടി.വി സ്വന്തമാക്കാന്‍ മോദിയുടെ വിശ്വസ്തനും യോഗ ഗുരുവുമായ ബാബ രാംദേവ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ചാനലിലെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്തും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചും ചാനല്‍ കൈക്കലാക്കാനാണ് രാംദേവിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ച് ചാനലിന്റെ ചില ഷെയര്‍ഹോള്‍ഡര്‍മാരുമായി ബാബ രാംദേവ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി എക്‌സ്‌ചേഞ്ച്4മീഡിയ.കോം റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read: സൗദി സഖ്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചത് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ ഇറാനെ അനുകൂലിച്ചു സംസാരിച്ചത് 


എന്‍.ഡി.ടി.വി ചെയര്‍മാനും സ്ഥാപകനുമായ പ്രണോയ് റോയിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും എതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്യുകയും അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ഐ.സി.ഐ.സി ബാങ്കിനു നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പഴയ ആരോപണങ്ങളുടെ പേരിലുള്ള വേട്ടയാടലാണിതെന്നാണ് എന്‍.ഡി.ടി.വി പറയുന്നത്.

പതഞ്ജലിയിലൂടെ വന്‍ ലാഭം കൊയ്യുന്ന ബാബ രാംദേവിന് ബ്രോഡ്കാസ്റ്റിംങ് രംഗത്തേക്ക് വരാനാണ് പുതിയ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ എന്‍.ഡി.ടി.വി മേധാവിയ്‌ക്കെതിരായ നടപടി ബിസിനസ് താല്‍പര്യമാണെന്ന സംശയവും ഉയരുന്നുണ്ട്.


Don”t Miss: വൃക്ഷത്തൈ നടാനുള്ള കുഴി തന്നെയാണോ ഇത്?; നട്ടാല്‍ ഇല പോലും പുറത്തുകാണാത്ത കുഴികളെടുത്ത് ബിന്ദുകൃഷ്ണയുടേയും കോണ്‍ഗ്രസുകാരുടേയും മരം നടീല്‍ 


സംഘപരിവാറിനെതിരെ ശക്തമായ നിലപാടുകള്‍ എടുത്തിട്ടുള്ള എന്‍.ഡി.ടി.വി ചാനലിനെതിരെ നേരത്തെയും നടപടികളുണ്ടായിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ പേരില്‍ എന്‍.ഡി.ടി.വിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.

ചാനലിന്റെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാനായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ പ്രേക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. ഇതിനെതിരെ ചാനല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ പേരില്‍ എന്‍.ഡി.ടി.വി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും ചാനല്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തുവന്നിരുന്നു.

We use cookies to give you the best possible experience. Learn more