കൊവിഡ് വാക്‌സിനെതിരായ പ്രചരണം; സുപ്രീം കോടതിയില്‍ ബാബാ രാംദേവിന്റെ സംരക്ഷണ ഹരജി
ന്യൂദല്‍ഹി: കൊവിഡ് വാക്‌സിനെതിരെ പ്രചരണം നടത്തിയ കേസില്‍ യോഗ ഗുരുവും വ്യവസായിയുമായ ബാബാ രാംദേവ് സുപ്രീം കോടതിയില്‍ ഹരജി നല്‍കി. വാക്‌സിനേഷനെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത ക്രിമിനല്‍ എഫ്.ഐ.ആറുകളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടാണ് രാംദേവിന്റെ ഹരജി.
കേസുമായി ബന്ധപ്പെട്ട എല്ലാ എഫ്.ഐ.ആറുകളും ഏകീകരിക്കണമെന്നും ഇത് ദല്‍ഹിയിലേക്ക് മാറ്റണമെന്നും രാംദേവ് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പട്‌ന, റായ്പൂര്‍ ബ്രാഞ്ചുകള്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറുകളുമായി ബന്ധപ്പെട്ട നിര്‍ബന്ധിത നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കാനും അദ്ദേഹം സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു.
കൊവിഡിനെതിരെ രണ്ട് വാക്സിന്‍ സ്വീകരിച്ച 10,000 ഡോക്ടര്‍മാര്‍ മരിച്ചുവെന്നും അലോപ്പതി ചികിത്സ കാരണം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന രീതിയിലുമാണ് രാംദേവ് പ്രചരിപ്പിച്ചിരുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പ്രസ്താവനയില്‍ രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഉത്തരാഖണ്ഡ് ഐ.എം.എ രംഗത്തെത്തിയിരുന്നു. 1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്. അലോപ്പതിക്കെതിരെ രാംദേവ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
അതേസമയം, കൊവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലി പുറത്തിറക്കിയ കൊറോണിലിലിനെതിരെ കൊവിഡ് കാലത്ത് നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
Content Highlight: Baba Ramdev has filed a petition in the Supreme Court in the case of spreading propaganda against the Covid-19 vaccine.