| Saturday, 27th June 2020, 10:04 am

കൊവിഡിന് മരുന്നുണ്ടെന്ന് അവകാശവാദം; രാംദേവടക്കം അഞ്ചു പേര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടു പിടിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയ പതഞ്ജലി സ്ഥാപകന്‍ രാംദേവടക്കം അഞ്ച് പേര്‍ക്കെതിരെ ജയ്പൂരില്‍ പൊലീസ് കേസെടുത്തു.

പതഞ്ജലി സ്ഥാപകന്‍ രാംദേവ്, പതഞ്ജലി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, നിംസ് ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെകതിരെയാണ് ജയപൂരിലെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പതഞ്ജലി ആയുര്‍വേദിക് പുറത്തിറക്കിയ കൊറോണില്‍ എന്ന മരുന്ന് കൊവിഡിനെ പ്രതിരോധിക്കുമെന്ന പേരില്‍ പ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചതിനാണ് കേസ്.

രാംദേവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.

ഐ.പി.സി 420 (വഞ്ചനാകുറ്റം) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് രാംദേവടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതെന്ന് പരാതി നല്‍കിയ ബല്‍റാം ജാഖര്‍ പറഞ്ഞു.

കൊവിഡ് രോഗികളില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ മരുന്ന്പരീക്ഷിച്ചതിനാണ് നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് കൊറോണില്‍ സ്വാസാരി കൊവിഡ് രോഗികളില്‍ പരീക്ഷിച്ചിരുന്നു. ഇതിനെതിരെ ആരോഗ്യവകുപ്പ് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

‘ മൂന്ന് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട്കൊണ്ട് നിംസിന് നോട്ടീസ് അയച്ചിട്ടുണ്ട്. മരുന്ന് പരീക്ഷിക്കുന്നതായി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല,” ജയ്പൂരിലെ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. നരോത്തം ശര്‍മ പറഞ്ഞു.

നിംസിന് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ഭേദമാക്കുമെന്ന പേരില്‍ ആരെങ്കിലും ഏതെങ്കിലും മരുന്ന് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മയുടെ അറിയിപ്പ് നിലനില്‍ക്കവേയാണ് നിംസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിരിക്കുന്നത്.

കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കും എന്നുമാണ് രാംദേവിന്റെ പതഞ്ജലി കമ്പനിയുടെ അവകാശവാദം. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. പരീക്ഷണത്തില്‍ നൂറുശതമാനം മരുന്ന് വിജയമാണെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു.

പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more