| Saturday, 30th December 2023, 2:03 pm

രാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബ്രാഞ്ച് സെക്രട്ടറിക്ക് എന്തുസംഭവിച്ചു?

എം.എം.ജാഫർ ഖാൻ

ബാബ ലാല്‍ദാസ്. ഈ പേര് ആരെങ്കിലും ഇന്ന് ഓര്‍ക്കുന്നുണ്ടാവുമോ? സാധ്യതയില്ല. ബാബരി മസ്ജിദിനൊപ്പം എന്നും മനസില്‍ സൂക്ഷിക്കേണ്ട പേരാണ് ലാല്‍ദാസിന്റേത്.

മനുഷ്യനെയും മതങ്ങളെയും രാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞ സന്യാസിയായിരുന്നു അദ്ദേഹം. പക്ഷേ, കൊലചെയ്യപ്പെട്ടു. ബാബരി മസിജിദ് പൊളിച്ച് ഒരുവര്‍ഷം തികയും മുമ്പ്. 1993 നവംബര്‍ 16 രാത്രി 9.30ന്. അയോധ്യയില്‍നിന്നും 20 കിലോമീറ്റര്‍ അകലെ റാണിപൂര്‍ ചല്‍ത്താര്‍ ഗ്രാമത്തില്‍ വെച്ച് അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു.

കൊല്ലപ്പെടുമ്പോള്‍ ലാല്‍ദാസ് അമ്പത് വയസ്സ് പോലും പിന്നിട്ടിരുന്നില്ല. ആര്‍.എസ്.എസിന്റെയും വി.എച്ച്.പിയുടെയും ശക്തനായ വിമര്‍ശകനായിരുന്നു രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന ലാല്‍ദാസ്.

ബാബ ലാല്‍ദാസ്

1981ല്‍ കോടതിയില്‍ നിന്ന് നേടിയെടുത്ത വിധിയുടെ ബലത്തിലായിരുന്നു അദ്ദേഹം രാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരിയായത്.

1984ല്‍ ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി ക്യാമ്പെയ്‌നിന് തുടക്കമിട്ടപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടാണ് ലാല്‍ദാസ് കൈക്കൊണ്ടത്. അയോധ്യയില്‍ സംഘപരിവാറിന് മുന്നിലെ മുഖ്യ പ്രതിയോഗിയായിരുന്നു ഈ സന്യാസി.

ഫൈസാബാദിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സുമന്‍ ഗുപ്ത ലാല്‍ദാസിനെ ഓര്‍ക്കുന്ന അപൂര്‍വം ചിലരിലൊരാളാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.

സുമന്‍ ഗുപ്ത

‘1991 ജൂണിലായിരുന്നു യു.പി നിയമസഭയിലേക്ക് ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരത്തിലേറിയതും കല്യാണ്‍ സിങ് മുഖ്യമന്ത്രിയായതും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് വി.എച്ച്.പിക്ക് മുന്നില്‍ വലിയ രണ്ട് തടസങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഏറ്റവും വലുത് ബാബരി മസ്ജിദായിരുന്നുവെങ്കില്‍ മറ്റൊന്ന് ബാബ ലാല്‍ദാസായിരുന്നു.’

ബാബരി മസ്ജിദ് (ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായിരുന്ന സാമുവല്‍ ബോണ്‍ പകര്‍ത്തിയ ചിത്രം)

ലാല്‍ദാസ്

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് മുന്‍പ് മാര്‍ച്ച് മാസത്തില്‍ തന്നെ കല്യാണ്‍ സിങ് സര്‍ക്കാര്‍ ലാല്‍ദാസിനെ രാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. അതിനെതിരെ നല്‍കിയ കേസ് ഇന്നും അലഹബാദ് ഹൈക്കോടതിയിലുണ്ട്.

അയോധ്യയുടെ ബഹുസ്വരമായ സാംസ്‌കാരിക സമന്വയത്തിന്റെ ശക്തനായ വക്താവായിരുന്ന ലാല്‍ദാസ് ബാബരി മസ്ജിദ് പൊളിച്ചു രാമക്ഷേത്രം നിര്‍മിക്കുന്നതിനെ അതിശക്തമായി എതിര്‍ത്തു.

വെറും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം വിശ്വാസികളുമായി അതിന് യാതൊരു ബന്ധവുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അവധിലെ സുല്‍ത്താന്മാരുടെ സഹായത്താല്‍ അയോധ്യയില്‍ നിരവധി ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചതിനെക്കുറിച്ചും അയോധ്യയിലെ ഹിന്ദുക്കളും മുസ്‌ലിങ്ങളും എത്രമാത്രം സൗഹാര്‍ദത്തിലാണ് കഴിഞ്ഞിരുന്നതെന്നും പ്രധാന്യത്തോടെ എടുത്തു പറഞ്ഞായിരുന്നു ലാല്‍ദാസ് സംഘപരിവാറിനെ പ്രതിരോധിച്ചത്.

അയോധ്യയോട് ചേര്‍ന്ന ശൃംഗ്ഋഷി എന്ന ഗ്രാമത്തിലായിരുന്നു ലാല്‍ദാസ് ജനിച്ചത്. ജമ്മു കശ്മീരിലെ രഘുനാഥ്പൂരിലാണ് അദ്ദേഹം മതപഠനം നടത്തിയത്. അതിനു ശേഷം ഗുജറാത്തിലെ മെഹ്‌സാനയിലെ ക്ഷേത്രത്തില്‍ പൂജാരിയായി.

പിന്നീടാണ് അയോധ്യയിലേക്ക് വന്നത്. സമത്വത്തോടുള്ള ലാല്‍ ദാസിന്റെ ആഭിമുഖ്യം അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റുകാരനാക്കി. സി.പി.ഐ.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയുമായി.

അയോധ്യയില്‍ സംഘപരിവാര്‍ നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് നിരന്തരം വിളിച്ചുപറഞ്ഞിരുന്ന അദ്ദേഹത്തിന്റെ ജീവന് നിരവധി തവണ ഭീഷണി നേരിട്ടു.

ഇതേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കല്യാണ്‍ സിങ് സര്‍ക്കാര്‍ പിന്‍വലിച്ചു. അക്രമികള്‍ക്ക് അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്താന്‍ പിന്നെ എളുപ്പമായിരുന്നു.

കല്യാണ്‍ സിങ്

ലാല്‍ ദാസ് നല്ലൊരു മനുഷ്യനായിരുന്നു. പക്ഷേ, ബാബരി മസ്ജിദ് പൊളിച്ചവര്‍ ആ മനുഷ്യനെയും കൊന്നുകളഞ്ഞു.

Content Highlight: Baba Lal Das and Babri Masjid

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more