| Monday, 2nd November 2020, 10:55 am

'ഞങ്ങളുടെ ദുരിതം വിറ്റ് അയാള്‍ കാശാക്കി'; സഹായമഭ്യര്‍ത്ഥിച്ച് വീഡിയോ പങ്കുവെച്ച യൂട്യൂബര്‍ക്കെതിരെ വൃദ്ധ ദമ്പതികളുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് കാലത്ത് ജീവിതം തകര്‍ന്നുവെന്നും ജീവിക്കാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ വൃദ്ധ ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് അടുത്തിടെയാണ്. എന്നാല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച യൂട്യൂബര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വൃദ്ധ ദമ്പതികള്‍.

ദല്‍ഹിയിലെ ‘ബാബ ക ധാബ’ ഉടമ കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബറായ ഗൗരവ് വാസനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് നല്‍കാനെന്ന പേരില്‍ ഓണ്‍ലൈനായി പണം കണ്ടെത്തിയ ഗൗരവ് ആ പണം തട്ടിയെടുത്തെന്നാണ് ദമ്പതികള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

‘ഗൗരവ് വാസന്‍ വീഡിയോ എടുത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. കടയുടമയ്ക്ക് പണം നല്‍കി സഹായിക്കാന്‍ വീഡിയോയിലൂടെ പറഞ്ഞു.
എന്നാല്‍ വാസന്‍ ബോധപൂര്‍വ്വം സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കി സംഭാവന സ്വീകരിച്ചു,’ കാന്ത പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഗൗരവ് വാസനെതിരെ മാളവ്യ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു.

എണ്‍പതുകാരനായ കാന്ത പ്രസാദും ഭാര്യ ബാദമി ദേവിയും ലോക്ക് ഡൗണ്‍ തുടങ്ങിയതിന് പിന്നാലെ സാമ്പത്തികമായി വലിയ രീതിയില്‍ ബുദ്ധിമുട്ടിലായിരുന്നു. തങ്ങളുടെ ദുരിതങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വൃദ്ധ ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മണിക്കൂറുകള്‍ കച്ചവടം ചെയ്തിട്ടും അമ്പത് രൂപ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അന്ന് കാന്ത പ്രസാദ് വീഡിയോയില്‍ പറഞ്ഞിരുന്നു. കാന്ത പ്രസാദിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേര്‍ കടയിലെത്തുന്നതിന്റെയും തിരക്കിന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍  പ്രചരിച്ചിരുന്നു. എന്നാല്‍ അതിന് പിന്നാലെയാണ് യൂട്യൂബര്‍ക്കെതിരെ പരാതിയുമായി വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Baba Ka Dhaba owner files complaint against YouTuber who shot viral video

We use cookies to give you the best possible experience. Learn more