ടി.എന്‍.പിഎല്‍ 2024ല്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലൈക കോവൈ കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് കിരീടമുയര്‍ത്തിയത്. ടി.എന്‍.പില്ലില്‍ ഡ്രാഗണ്‍സിന്റെ ആദ്യ കിരീടമാണിത്. ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ തന്നെയാണ് ടീമിന്റെ വിജയത്തിലും നിര്‍ണായകമായത്.
ഇപ്പോള്‍ അശ്വിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് തമിഴ്‌നാട് താരവും ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് വിക്കറ്റ് കീപ്പറുമായ ബാബ ഇന്ദ്രജിത്. എല്ലാവരും അദ്ദേഹത്തെ ക്യാപ്റ്റനായാണ് കാണുന്നതെന്നും ക്യാപ്റ്റന്റെ റോളില്‍ ഐ.പി.എല്‍ കിരീടം നേടണമെന്ന് അശ്വിന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നുമാണ് ഇന്ദ്രജിത് പറയുന്നത്.
ക്രിക്കറ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ബാബ ഇന്ദ്രജിത് ഇക്കാര്യം പറഞ്ഞത്.
‘എല്ലാവരും അദ്ദേഹത്തെ ക്യാപ്റ്റനായാണ് കാണുന്നത്. വളരെ മികച്ച ക്രിക്കറ്റ് ബ്രെയ്‌നാണ് അദ്ദേഹത്തിനുള്ളത്. എതിരാളികളെക്കാള്‍ ഒരടി എപ്പോഴും അശ്വിന്‍ മുന്നേ വെക്കാറുണ്ട്. ഒരു ലീഡറാകാനുള്ള എല്ലാ ക്വാളിറ്റികളും അദ്ദേഹത്തിനുണ്ട്. ക്യാപ്റ്റന്റെ റോളില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം,’ ഇന്ദ്രജിത് പറഞ്ഞു.
2018ലും 2019ലും പഞ്ചാബിന്റെ നായകനായിരുന്നു അശ്വിന്‍. എന്നാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ മാത്രം താരത്തിനായില്ല.
‘ടീമിലെ എല്ലാവരുമായി വളരെ മികച്ച ബന്ധമാണ് അശ്വിന്‍ പുലര്‍ത്തുന്നത്. ടീമിലെ ആദ്യ താരം മുതല്‍ 20ാമത് ആള്‍ വരെ, അദ്ദേഹം എല്ലാവരോടും സംസാരിക്കും. തങ്ങളുടെ ഏറ്റവും ബെസ്റ്റ് തന്നെ പുറത്തെടുക്കാന്‍ എല്ലായ്‌പ്പോഴും നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും. ഒരു ഹെഡ് കോച്ച് പോലും ഇത്രത്തോളം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല,’ ഇന്ദ്രജിത് കൂട്ടിച്ചേര്‍ത്തു.
ചെപ്പോക്കില്‍ ലൈക കോവൈ കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ അശ്വിന്റെയും ഇന്ദ്രജിത്തിന്റെയും ബാറ്റിങ് മികവിന്റെ കരുത്തിലാണ് ഡ്രാഗണ്‍സ് കപ്പുയര്‍ത്തിയത്.
കലാശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഡ്രാഗണ്‍സിന്റെ വിജയം. കോവൈ കിങ്‌സ് ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം പത്ത് പന്ത് ബാക്കി നില്‍ക്കെ അശ്വിനും സംഘവും മറികടക്കുകയായിരുന്നു.
ഫൈനലില്‍ ടോസ് നേടിയ അശ്വിന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
പോയിന്റ് പട്ടികയില്‍ ഒന്നാമതായി നോക്ക് ഔട്ടിന് യോഗ്യത നേടുകയും ആദ്യ ക്വാളിഫയറില്‍ ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സിനെ തകര്‍ത്തെറിയുകയും ചെയ്ത കോവൈ കിങ്സിന് എന്നാല്‍ ഫൈനലില്‍ ഡ്രാഗണ്‍സിനെതിരെ പിഴച്ചു. അശ്വിന്‍ എന്ന മാസ്റ്റര്‍ ടാക്ടീഷ്യന്റെ കണക്കുകൂട്ടലുകളില്‍ ഷാരൂഖ് ഖാനും ടീമും പതറി.
മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഡ്രാഗണ്‍സ് എതിരാളികളുടെ മൊമെന്റം നഷ്ടപ്പെടുത്തി. വലിയ സ്‌കോര്‍ പടുത്തയര്‍ത്താനോ കൂട്ടുകെട്ട് സൃഷ്ടിക്കാനോ അനുവദിക്കാതെ അശ്വിന്റെ ബൗളര്‍മാര്‍ പിടിച്ചുകെട്ടിയപ്പോള്‍ കോവൈ കിങ്‌സ് സ്‌കോര്‍ ബോര്‍ഡിന്റെ വേഗവും കുറഞ്ഞു.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കിങ്‌സ് 129എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ഡ്രാഗണ്‍സിനായി വിഗ്നേഷ് പുത്തൂര്‍, സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുഭേത് ഭാട്ടിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
130 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡ്രാഗണ്‍സിന് തുടക്കം പാളിയിരുന്നു. മൂന്ന് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരും പുറത്തായിരുന്നു. എന്നാല്‍ നോക്ക് ഔട്ട് മുതല്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രൊമോട്ട് ചെയ്ത് വെടിക്കെട്ട് നടത്തിയ അശ്വിന്‍ ഫൈനലിലും നിരാശനാക്കിയില്ല.
വിക്കറ്റ് കീപ്പര്‍ ബാബ ഇന്ദ്രജിത്തിനെ കൂട്ടുപിടിച്ച് അശ്വിന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അശ്വിന്‍ 46 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ 35 പന്തില്‍ 32 റണ്‍സ് നേടിയാണ് ഇന്ദ്രജിത്ത് മടങ്ങിയത്.
Content highlight: Baba Indrtajith about R Ashwin