ശസ്ത്രക്രിയക്ക് ശേഷം പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയിരിക്കുകയാണ് നടൻ ബാല. ചികിത്സാ കാലത്ത് ആശുപത്രിയിലുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം. തന്നെ മകൾ ആശുപത്രിയിൽ കാണാൻ വന്നെന്നും തന്നോട് സംസാരിച്ചത് ഇനിയുള്ള കാലം ഓർത്തുവക്കുമെന്നും താരം പറഞ്ഞു.
താൻ പുതിയ ചിത്രങ്ങൾക്കുവേണ്ടി തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും അടുത്ത മാസം ഷൂട്ടിങ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാല.
‘ആശുപത്രിയിൽ വെച്ച് ഞാൻ പാപ്പുവിനെ (മകൾ) കണ്ടു. ഏറ്റവും മനോഹരമായ ഒരു കാര്യം ഞാൻ കേട്ടു. “ഐ ലവ് മൈ ഡാഡി സോ മച്ച്” എന്നവൾ പറഞ്ഞു. ഇനിയുള്ള കാലം എപ്പോഴും അതെനിക്ക് ഓർമയുണ്ടാകും. അതിനുശേഷം ഞാൻ കൂടുതൽ സമയം അവളുടെ കൂടെ ചിലവഴിച്ചില്ല. കാരണം എന്റെ ആരോഗ്യം മോശമാകുകയായിരുന്നു. അത് അവൾ കാണരുതെന്ന് എനിക്കുണ്ടായിരുന്നു,’താരം പറഞ്ഞു.
താൻ അടുത്ത സിനിമക്കുവേണ്ടി സൈൻ ചെയ്തെന്നും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നടന്റെയും, സംവിധായകന്റെയും കൂടെ ആയിരിക്കും പുതിയ പ്രോജെക്ട്ടെന്നും ബാല പറഞ്ഞു. വരാൻ പോകുന്ന ചിത്രത്തിൽ തനിക്ക് സ്പെഷ്യൽ കഥാപാത്രം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാൻ അടുത്ത ചിത്രത്തിനുവേണ്ടി സൈൻ ചെയ്ത് കഴിഞ്ഞു. സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നടന്റെയും സംവിധായകന്റെയും കൂടെയാണ്. അതാരാണെന്ന്
ഞാൻ പറയുന്നില്ല. കാരണം, ആ നടൻ എന്നെ പ്രേക്ഷകർക്കുമുന്നിൽ ഇൻട്രൊഡ്യൂസ് ചെയ്യണമെന്ന് എനിക്കൊരു ആഗ്രഹമുണ്ട്. ആ ചിത്രത്തിൽ എനിക്ക് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. ആ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോൾ തന്നെ എനിക്ക് ചിരി വന്നു. അടുത്ത മാസം തന്നെ ഷൂട്ടിങ് തുടങ്ങും. ഇനി ഒരു ആക്ഷൻ സിനിമ കൂടി വരാനുണ്ട്. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു,; ബാല പറഞ്ഞു.
Content highlights: Bala on his daughter