വിനയനെ വിലക്കിയ സംഭവം; പിഴയൊടുക്കി കേസവസാനിപ്പിക്കാന്‍ തയ്യാറല്ല; വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബി. ഉണ്ണികൃഷ്ണന്‍
Movie Day
വിനയനെ വിലക്കിയ സംഭവം; പിഴയൊടുക്കി കേസവസാനിപ്പിക്കാന്‍ തയ്യാറല്ല; വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബി. ഉണ്ണികൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th March 2017, 10:22 am

തിരുവനന്തപുരം: സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ സിനിമ സംഘടനകളായ “അമ്മ”യ്ക്കും “ഫെഫ്ക”യ്ക്കും പിഴയേര്‍പ്പെടുത്തി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍.

വിധി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിനയനെ ആരും വിലക്കിയിട്ടില്ലെന്നാണ് ഫെഫ്ക്കയുടെ പ്രതികരണം.

ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് നാമമാത്രമായ പിഴയാണ്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ പിഴ ഒടുക്കി കേസ് അവസാനിപ്പിക്കാം. പക്ഷേ അതിന് തയ്യാറല്ല. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന വിധിയാണ് ഇത്. പ്രവര്‍ത്തന സ്വാതന്ത്ര്യന്‍ മേലുള്ള കടന്നുകയറ്റമാണ് വിധി. രാജ്യത്തെ മുഴുവന്‍ ട്രേഡ്
യൂണിയനുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണ്.

തങ്ങളുടെ ഭാഗം പൂര്‍ണമായും കേള്‍ക്കാതെയാണ് കമ്മീഷന്റെ വിധി. അതുമാത്രമല്ല തൊഴില്‍ തകര്‍ക്കങ്ങളില്‍ ഇടപെടാന്‍ ഈ കമ്മീഷന് നിയമപരമായ അവകാശമില്ല. ഈ കമ്മീഷന്‍ എന്നുപറയുന്നത് ചരക്കുകളുടെ വിപണനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്.

എന്നാല്‍ ഇത് തൊഴിലിടത്തെ തര്‍ക്കമായിരുന്നു. അതില്‍ ഇത്തരമൊരു കമ്മീഷന്‍ ഇടപെട്ടത് ഇത് വലിയ പ്രത്യാഘാം ഉണ്ടാക്കും.സംഘടിത മേഖലയില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന വിധിയാണ് ഇത്. ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് ലേബര്‍ കോടതിയിലാണ്.

അധ്വാനത്തെ ചരക്കുവത്ക്കരിക്കുകയാണ് കമ്മീഷന്‍ ചെയ്ത്. അതുകൊണ്ട് ഇതിനെ എതിര്‍ക്കും.അതാണ് അതിന്റെ രാഷ്ട്രീയം. മാത്രമല്ല ലിബര്‍ട്ടി ബഷീറും അദ്ദേഹത്തോടൊപ്പം നല്‍ിക്കുന്ന ഒരു സംവിധായകനും തങ്ങള്‍ക്കെതിരെ മൊഴി നല്‍കിയെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

വിനയനെ വിലക്കിയ സംഭവത്തില്‍ സിനിമ സംഘടനകളായ “അമ്മ”യ്ക്കും “ഫെഫ്ക”യ്ക്കും പിഴ ചുമത്തി ഇന്നലെയായിരുന്നു വിധി വന്നത്. വിനയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്.

ചലച്ചിത്ര പ്രവര്‍ത്തകരായ ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയില്‍, ബി.ഉണ്ണികൃഷ്ണന്‍ എന്നിവരും പിഴയടയ്ക്കണം

അമ്മ നാലു ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയുമാണ് പിഴയായി നല്‍കേണ്ടത്. ഇന്നസെന്റ് 51,000 രൂപയും സിബി മലയില്‍ 61,000 രൂപയും നല്‍കണം. അപ്രഖ്യാപിത വിലക്കാണ് മലയാള സിനിമയില്‍ വിനയന് നിലനിന്നിരുന്നത്. ചലച്ചിത്ര താരങ്ങളോട് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കരുതെന്ന് നിര്‍ദേശിച്ചതായും ആരോപണമുയര്‍ന്നിരുന്നു.

രാജ്യത്തെ അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപീകരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ.