മലയാളി ഫ്രം ഇന്ത്യ സംവിധാനം ചെയ്യാനിരുന്നത് മറ്റൊരാള്‍; നിഷാദ് കോയ അയച്ച പി.ഡി.എഫ് ഡിജോ ഡൗണ്‍ലോഡ് ചെയ്തിട്ടില്ല: ബി. ഉണ്ണിക്കൃഷ്ണന്‍
Entertainment
മലയാളി ഫ്രം ഇന്ത്യ സംവിധാനം ചെയ്യാനിരുന്നത് മറ്റൊരാള്‍; നിഷാദ് കോയ അയച്ച പി.ഡി.എഫ് ഡിജോ ഡൗണ്‍ലോഡ് ചെയ്തിട്ടില്ല: ബി. ഉണ്ണിക്കൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th May 2024, 10:23 pm

നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ മോഷണമാണെന്ന് പറഞ്ഞ് തിരക്കഥാകൃത്ത് നിഷാദ് കോയ ഉയര്‍ത്തിയ വിവാദങ്ങളോട് പ്രതികരിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

മലയാളി ഫ്രം ഇന്ത്യ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഷാരിസ് മുഹമ്മദാണെങ്കിലും സിനിമ ആദ്യമായി സംവിധാനം ചെയ്യാനിരുന്നത് ഡിജോയല്ല എന്നാണ് സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം ശരിയാകും എന്ന സിനിമയുടെ ഛായാഗ്രാഹകനായ ശ്രീജിത്തായിരുന്നു ആദ്യം സിനിമ ചെയ്യാനിരുന്നതെന്നാണ് ബി. ഉണ്ണിക്കൃഷ്ണന്‍ പറയുന്നത്. നിഷാദ് കോയ അയച്ച പി.ഡി.എഫ് ഡിജോ ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘മലയാളി ഫ്രം ഇന്ത്യ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഷാരിസ് മുഹമ്മദാണ്, ഡിജോയല്ല. ഈ സിനിമ ആദ്യമായി സംവിധാനം ചെയ്യാനിരുന്നത് ശ്രീജിത്തായിരുന്നു. എല്ലാം ശരിയാകും എന്ന സിനിമയുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.

ശ്രീജിത്ത് ആണ് ഈ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. അതും 2021ല്‍ കൊവിഡ് കാലത്തായിരുന്നു അത്. ഇന്ത്യക്കാരനും പാകിസ്താനിയും ക്വാറന്റൈയിനിലായിപ്പോകുന്ന കഥയാണ് ഷാരിസ് ശ്രീജിത്തിനോട് പറഞ്ഞത്.

ഞങ്ങള്‍ ശ്രീജിത്തിനോട് സംസാരിച്ചിരുന്നു. അവര്‍ വര്‍ക്ക് ചെയ്ത ഡ്രാഫ്റ്റുകള്‍ കയ്യിലുണ്ട്. ഷാരിസും ശ്രീജിത്തും ഈ കഥ സിനിമയാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെ ഇരുവരും ഹാരിസ് ദേശം എന്ന പ്രൊഡ്യൂസറിനെ കണ്ടിരുന്നു. അദ്ദേഹം ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടെയാണ്.

അദ്ദേഹം അദ്ദേഹത്തിന്റെ കയ്യിലുള്ള സ്‌ക്രീന്‍ഷോട്ടുകളൊക്കെ ഷെയര്‍ ചെയ്തിട്ടുണ്ട്. അതും 2021 ആ ഗസ്റ്റിലാണ്. റോഷന്‍ മാത്യുവിനോട് കഥപറയാനാണ് അദ്ദേഹം ഇവരോട് ആവശ്യപ്പെട്ടത്. അതിനായി റോഷന്‍ മാത്യുവിന്റെ അപ്പോയ്ന്റ്‌മെന്റും അദ്ദേഹമാണ് എടുത്തു കൊടുക്കുന്നത്.

ഈ ചര്‍ച്ചകള്‍ കുറച്ച് മുന്നോട്ടുപോയെങ്കിലും പിന്നീട് എങ്ങുമെത്താതിരുന്ന സമയത്താണ് ഷാരിസ് ജനഗണമന എന്ന സിനിമയുടെ ഇടയില്‍ ഡിജോയോട് ഈ കഥയെ കുറിച്ച് പറയുന്നത്. ഷാരിസ് സിനിമയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയത് ശ്രീജിത്ത് എന്ന സംവിധായകന് വേണ്ടിയാണ്. അതും ജനഗണമനയുടെ മുമ്പാണ്.

അതുകൊണ്ടുതന്നെ മലയാളി ഫ്രം ഇന്ത്യയുടെ ടൈറ്റിലില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ എന്ന ക്രെഡിറ്റ് ശ്രീജിത്തിന് ഷാരിസ് കൊടുത്തിട്ടുണ്ട്. അതിന് ശേഷമാണ് ഡിജോ വരുന്നതും ഈ സിനിമ ചെയ്യുന്നതും. ജയസൂര്യയുമായും ഞങ്ങള്‍ സംസാരിച്ചിരുന്നു.

ഡിജോയുമായി ഒരു പരസ്യം ചെയ്യുന്നതിന്റെ ഇടയിലാണ് ജയസൂര്യ നിഷാദ് കോയയുടെ ഒരു സിനിമയുണ്ട് നിനക്ക് ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദിക്കുന്നത്. താന്‍ ആ സിനിമയെ കുറിച്ച് എന്തോ ഒരു വരി മാത്രമേ ഡിജോയോട് പറഞ്ഞിട്ടുള്ളുവെന്നും വിശദമായി പറഞ്ഞില്ലെന്നുമാണ് ജയസൂര്യ പറയുന്നത്.

അത് വിശദമായി പറയേണ്ടത് തിരക്കഥാകൃത്താണ് എന്നാണ് ജയസൂര്യ അന്ന് പറഞ്ഞത്. ശേഷം നിഷാദ് കോയയും ഡിജോയുമായി കമ്മ്യൂണിക്കേഷന്‍ ഒന്നും നടക്കുന്നില്ല. രഹസ്യമായിട്ടൊന്നുമല്ല ഡിജോ ഈ സിനിമ ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിനിടയിലാണ് കഥയിലെ സാമ്യത പൃഥ്വിരാജ് പറഞ്ഞതില്‍ നിന്ന് മനസിലാക്കി നിഷാദ് കോയ ഡിജോയെ ബന്ധപ്പെടുന്നത്. ആവശ്യമാണെങ്കില്‍ താന്‍ അങ്ങോട്ട് വിളിക്കാമെന്നും പക്ഷേ ഈ സിനിമയുടെ പ്രവര്‍ത്തനവുമായി ഇപ്പോള്‍ മുന്നോട്ട് പോകുകയാണെന്നും ഡിജോ പറയുന്നു.

ആ സമയത്ത് നിഷാദ് കോയ ഒരു പി.ഡി.എഫ് ഷെയര്‍ ചെയ്തു. അത് ഡിജോ ഡൗണ്‍ലോഡ് ചെയ്തിട്ടില്ല. ഞങ്ങള്‍ ആ കാര്യം വെരിഫൈ ചെയ്തിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായത്, ഒരേ ആശയം അല്ലെങ്കില്‍ ഒരേ കഥ ഒന്നിലധികം എഴുത്തുകാര്‍ക്ക് ഉണ്ടാകാം. അങ്ങനെയുള്ള ചരിത്രം ഉണ്ടായിട്ടുണ്ട്,’ ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Content Highlight: B Unnikrishnan Talks About Nishad Koya And Malayali From India Controversies