Cinema
ഒരുമിച്ച് മാധ്യമങ്ങളെ കാണുന്നതിനെ അമ്മയിലെ ചിലരെതിര്‍ത്തു; അവര്‍ പിന്നീട് പ്രോഗസീവ് മൂവുമായെത്തി: ബി. ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 31, 10:12 am
Saturday, 31st August 2024, 3:42 pm

ഇന്‍ഡസ്ട്രിയിലെ എല്ലാ സംഘടനകള്‍ക്കും ഒരുമിച്ച് മാധ്യമങ്ങളെ കാണാമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അന്ന് അമ്മ സംഘടനയിലെ ചിലര്‍ അതിനെ എതിര്‍ക്കുകയായിരുന്നുവെന്നും ബി. ഉണ്ണികൃഷ്ണന്‍. ഫെഫ്ക വിളിച്ചു ചേര്‍ത്ത വനിതകളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജനറല്‍ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണന്‍.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുന്നു എന്നാണല്ലോ പറയുന്നത്. അതിനെ കുറിച്ച് ഞങ്ങള്‍ക്കുള്ള ഒരു അഭിപ്രായം, 21 യൂണിയനുകളുടെയും ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ഇത്രയും ദൂരവ്യാപകമായ അനന്തരഫലങ്ങളുള്ള റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരുടെയും അഭിപ്രായം കേട്ടിട്ടേ സംസാരിക്കാന്‍ പാടുള്ളൂ. അങ്ങനെയൊരു നിര്‍ബന്ധം കമ്മിറ്റിക്കുണ്ട്. അതുകൊണ്ടാണ് ആ സംസാരം ഞാന്‍ മാറ്റിവെക്കുന്നത്.

19ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഏതാണ്ട് രണ്ട് മണിക്കൂറ് കൊണ്ട് ഞാന്‍ അത് ഓടിച്ച് വായിച്ചു നോക്കി. പിന്നീടാണ് പലവട്ടം വായിക്കുന്നത്. അന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രതിനിധികളും ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ (അമ്മയുടെ) പ്രതിനിധികളും എന്നെ രാത്രിയില്‍ ബന്ധപ്പെട്ടു. ഇന്‍ഡസ്ട്രിയെ ബാധിക്കുന്ന കാര്യമായത് കൊണ്ട് എന്നെയൊന്ന് കാണണമെന്ന് പറഞ്ഞു.

നമുക്ക് ഇന്‍ഡസ്ട്രിയിലെ എല്ലാ സംഘടനകള്‍ക്കും ഒരുമിച്ച് വേണമെങ്കില്‍ മാധ്യമങ്ങളെയൊന്ന് കാണാമെന്ന് ഞാന്‍ പറഞ്ഞു. മാധ്യമങ്ങളെ കണ്ടിട്ട് ഇതിനകത്ത് വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടെന്ന് പറയാമെന്നും ഞാന്‍ അവരോട് പറഞ്ഞു. റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിട്ടുള്ള കാര്യങ്ങള്‍ ഗുരുതര സ്വഭാവമുള്ളതാണ്. അത് അഡ്രസ് ചെയ്യണമെന്ന കാര്യവും പറയാമെന്ന് ഞാന്‍ ആവശ്യപ്പെട്ടു.

പക്ഷെ അന്ന് അമ്മയിലെ ചില ആക്ടേഴ്‌സ് അതിനെ വളരെ ശക്തിയുക്തം എതിര്‍ത്തു. അതുകൊണ്ടാണ് ആ നീക്കം നടക്കാതെ പോയത്. അന്ന് അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലും മമ്മൂട്ടിയും അവിടെ ഉണ്ടായിരുന്നു. അവര്‍ക്ക് ബേസിക്കലി ഇത് സംസാരിക്കുന്നതില്‍ വലിയ കുഴപ്പമില്ലായിരുന്നു.

പക്ഷെ ചിലര്‍ അതിനെ എതിര്‍ത്തു. പിന്നീട് ആ എതിര്‍ത്തവരില്‍ പലരും വളരെ പ്രോഗസീവ് മൂവുമായി നിങ്ങളുടെ (മാധ്യമങ്ങളുടെ) മുന്നില്‍ വരുന്നതും നമ്മള്‍ കണ്ടു. എതിര്‍ത്തവരാരും ആരോപണ വിധേയര്‍ ആയിരുന്നില്ല,’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: B Unnikrishnan Talks About Hema Committee Report And Amma