നാളെ റിലീസാകാൻ പോകുന്ന എമ്പുരാനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണൻ. മലയാള സിനിമാവ്യവസായത്തിനെ മാറ്റി മറിക്കുന്ന സിനിമയാണ് എമ്പുരാനെന്നും അതിൽ തനിക്കൊരു സംശയവുമില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
എന്തൊരു ആവേശമാണ് ആ സിനിമ ലോകം മുഴുവൻ ഉണ്ടാക്കിയെടുത്തതെന്നും അത്തരത്തിലുള്ള ഒരു ഹിഡൻ പൊട്ടൻഷ്യൽ മലയാള സിനിമാവ്യവസായത്തിനുണ്ട് എന്ന് തെളിയിച്ച സിനിമയാണ് എമ്പുരാനെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.
സിനിമ വിജയിക്കേണ്ടത് ചലച്ചിത്രപ്രവർത്തകൻ്റെ മാത്രമല്ല എല്ലാവരുടെയും ആവശ്യമാണെന്നും സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി. ഉണ്ണികൃഷ്ണൻ.
‘ മലയാള സിനിമാവ്യവസായത്തിൻ്റെ മുന്നോട്ടുള്ള പോക്കിനെ മാറ്റി മറിക്കുന്ന സിനിമയാണ് എമ്പുരാൻ. അതിനൊരു സംശയവും ഇല്ലാത്ത കാര്യമാണ്. നമ്മുടെ ഇൻഡസ്ട്രി ഇത്രയും വലിയൊരു സിനിമയെടുക്കാൻ പ്രാപ്തമായി. നോക്കൂ എന്തൊരു ആവേശമാണ് ആ സിനിമ ലോകം മുഴുവൻ ഉണ്ടാക്കിയിരിക്കുന്നത്. അപ്പോൾ അത്തരത്തിലുള്ള ഒരു ഹിഡൻ പൊട്ടൻഷ്യൽ മലയാള സിനിമാവ്യവസായത്തിന് ഉണ്ട് എന്നത് തെളിയിച്ച സിനിമയാണ്.
അപ്പോൾ ആ സിനിമ വിജയിക്കേണ്ടത് ഓരോ ചലച്ചിത്രപ്രവർത്തകൻ്റെ മാത്രമല്ല ചലച്ചിത്ര പ്രേമിയുടെയും എല്ലാവരുടെയും ആവശ്യമാണ്. എനിക്കതിൽ യാതൊരു സംശയവുമില്ല. ആ സിനിമ ഗംഭീരവിജയമാകും. അത് ശ്രീ മോഹൻലാലിലും ശ്രീ പൃഥ്വിരാജിനും ശ്രീ ആൻ്റണി പെരുമ്പാവൂരിനും അതിൽ പ്രവർത്തിച്ച എല്ലാവർക്കും ഞങ്ങളുടെ ആശംസകൾ,’ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കി മുരളി ഗോപി തിരക്കഥയൊരുക്കി പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാൻ നാളെ റിലീസിനൊരുങ്ങുകയാണ്. ആദ്യ ഷോ ആറുമണിക്ക് തന്നെ തുടങ്ങുമെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ.
Content Highlight: B.Unnikrishnan talking about Empuraan Film