മലയാളത്തിലെ സൂപ്പർതാരങ്ങളെ വെച്ച് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. സ്മാർട്ട് സിറ്റിയെന്ന ചിത്രത്തിലൂടെയാണ് സംവിധായാകനായി ബി. ഉണ്ണികൃഷ്ണൻ അറിയപ്പെടാൻ തുടങ്ങുന്നത്.
ശേഷം പ്രമാണി, മാടമ്പി, ഗ്രാൻഡ്മാസ്റ്റർ തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം സൂപ്പർ താരങ്ങളെ വെച്ച് ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടിയേയും മോഹൻലാലിനെയും വെച്ച് ഒരുപോലെ സിനിമകൾ എടുത്തിട്ടുള്ള ആളാണ് ബി.ഉണ്ണികൃഷ്ണൻ.
മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം ആരായിരിക്കും എന്നതിന് മറുപടി പറയുകയാണ് അദ്ദേഹം. അവരെ പോലെ രണ്ടുപേർ ഇനി ഉണ്ടാവുകയെന്നത് പ്രയാസമാണെന്നും തമിഴിലും അങ്ങനെയാണെന്നും ബി. ഉണ്ണികൃഷ്ണൻ പറയുന്നു.
വിജയ്യും അജിത്തും വലിയ താരങ്ങളാണെന്നും എന്നാൽ കമൽഹാസൻ, രജിനികാന്ത് എന്നപോലെ അവരുടെ പേരുകൾ പറയാൻ ഒരു ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദി മലബാർ ജേർണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമ എന്തായാലും മുമ്പോട്ട് തന്നെ പോവും എന്നതിൽ സംശയമൊന്നുമില്ല. പക്ഷെ അവരെപോലുള്ള താരങ്ങൾ ഇനി ഉണ്ടാവുകയെന്നത് ബുദ്ധിമുട്ട് തന്നെയാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രമല്ല ഞാൻ പറയുന്നത്.
തമിഴിൽ കമൽ ഹാസൻ, രജിനികാന്ത്. അവരെ പോലെ മറ്റൊരാൾ വീണ്ടും ആവർത്തിക്കാൻ ബുദ്ധിമുട്ടാണ്. വിജയ് എന്തൊരു വലിയ താരമാണെന്ന് നമ്മൾ പറയാറുണ്ട്. അതിൽ യാതൊരു സംശയവുമില്ല വിജയ് വലിയ താരമാണ്. അതുപോലെ അജിത് വലിയൊരു താരമാണ്.
പക്ഷെ ആ രണ്ടുപേരുകളുടെ കൂടെ ഇവരുടെ പേര് നമുക്ക് ചേർത്ത് വെക്കാൻ പറ്റുമോ. കമൽ ഹാസൻ, രജിനികാന്ത് എന്ന് പറയുന്ന പോലെ വിജയ്, അജിത് എന്ന് പറയാൻ നമുക്കൊരു ബുദ്ധിമുട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എല്ലാ സിനിമാ ഇൻഡസ്ട്രിയിലും ഇതുണ്ട്.
സിനിമ മാത്രമല്ല സ്പോർട്സിലും അങ്ങനെയാണ്. അവിടെയും അങ്ങനെയല്ലേ. ബ്രയാൻ ലാറ, സച്ചിൻ ഇവർക്ക് ശേഷം ആരായിരുന്നു. എന്നാൽ ഫുട്ബോളിൽ മാത്രമാണ് അതിങ്ങനെ തുടർന്ന് വരുന്നതെന്ന് എനിക്ക് തോന്നുന്നു,’ബി. ഉണ്ണികൃഷ്ണൻ പറയുന്നു.
Content Highlight: B.Unnikrishnan Talk About Vijay And Ajith