| Sunday, 12th November 2023, 1:36 pm

ഉദയന്റെ സിനിമകൾ ഓടും, ശ്യാം പുഷ്കരനെ പോലെ മറ്റൊരു തലത്തിൽ ബ്രില്ല്യന്റാണ് ഉദയകൃഷ്ണ: ബി. ഉണ്ണികൃഷ്ണൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ വലിയ ചർച്ചകളിൽ ഇടം പിടിച്ചൊരു തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. ഒരുകാലത്ത് വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച വ്യക്തിയാണ് ഉദയകൃഷ്ണ.

എന്നാൽ കാലങ്ങൾക്കിപ്പുറം സിനിമയിലും പ്രേക്ഷകരിലും വന്ന പ്രകടമായ മാറ്റങ്ങൾ ഉദയകൃഷ്ണയുടെ സിനിമകളെ ബാധിച്ചിട്ടുണ്ട്.

അവസാനമായി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഇറങ്ങിയ ചിത്രങ്ങളായിരുന്നു ആറാട്ട്, മോൺസ്റ്റർ, ക്രിസ്റ്റഫർ തുടങ്ങിയവ. ഇവയിൽ പലതും ബോക്സ്‌ ഓഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ദിവസ പുറത്തിറങ്ങിയ ചിത്രം ബാന്ദ്രയ്ക്കും സമിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ആറാട്ട്, ക്രിസ്റ്റഫർ എന്നീ സിനിമകളുടെ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണയെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നിലവിൽ മലയാളത്തിലെ മികച്ച തിരക്കഥകൃത്ത് ശ്യാം പുഷ്‌കരൻ ആണെന്നും ശ്യാമിനെ പോലെ മറ്റൊരു തലത്തിൽ ബ്രില്യന്റായ എഴുത്തുകാരനാണ് ഉദയകൃഷ്ണയെന്നും ഉണ്ണികൃഷ്ണൻ അന്ന് പറഞ്ഞിരുന്നു.

ഉദയന്റെ സിനിമകൾ തിയേറ്ററിൽ തീർച്ചയായും ഓടുമെന്നും ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ബി. ഉണ്ണികൃഷ്ണൻ അന്ന് പറഞ്ഞിരുന്നു.

‘തമിഴ്നാട് എടുക്കുകയാണെങ്കിൽ അവിടെ അറ്റ്ലിയുമുണ്ട് വെട്രിമാരനുമുണ്ട്. അത്തരം പല സ്വഭാവമുള്ള സിനിമകൾ ഒരു ഇൻഡസ്ട്രിക്ക് തീർച്ചയായും വേണം. പുതിയ ആളുകളെല്ലാം ബ്രില്ല്യന്റ് ഫിലിം മേക്കേർസാണ്.

വളരെ നാളുകൾക്ക് ശേഷം മലയാളത്തിന് ലഭിച്ച ഒരു ബ്രില്ല്യന്റ് റൈറ്ററാണ് ശ്യാം പുഷ്കരൻ. ഒരു എഴുത്തുകാരൻ എന്ന് കേൾക്കുമ്പോൾ നമുക്ക്, ഹാ ഇതൊരു എഴുത്തുകാരൻ തന്നെ, എന്ന് തോന്നണം. ശ്യാം പുഷ്‌കരൻ അങ്ങനെയാണ്.
ഇതേ ബ്രില്ല്യൻസ് തന്നെയാണ് ഉദയകൃഷ്ണ എന്ന സ്ക്രിപ്റ്റ് റൈറ്ററിലും മറ്റൊരു രീതിയിലുള്ളത്. ഞാനിത് പറയുമ്പോൾ ഭയങ്കര വിവാദങ്ങളിലേക്ക് പോകാം.

ഞാൻ ഒരിക്കലും ഒരേപോലെ താരതമ്യപ്പെടുത്തുകയല്ല. ശ്യാം ഭയങ്കര ഗംഭീരമായി അയാളുടേതായൊരു സിനിമ ചെയ്യുമ്പോൾ, ഉദയനെ സംബന്ധിച്ച് അയാൾക്ക് കൃത്യമായി എല്ലാ എലമെന്റ്സും കോർത്തിണക്കി ഒരു സിനിമയുണ്ടാക്കാൻ അദ്ദേഹത്തിന് അറിയാം.

ഞാനൊരു ഭയങ്കര തിരക്കഥകൃത്താണെന്ന തരത്തിലുള്ള യാതൊരു അവകാശ വാദങ്ങളും ഉദയനില്ല. പക്ഷെ ഉദയന്റെ സിനിമകൾ ഓടും. അദ്ദേഹം ചെയ്ത ഏകദേശം 80 ശതമാനത്തോളം സിനിമകൾ മലയാളത്തിൽ ഹിറ്റുകളാണ്,’ഉണ്ണികൃഷ്ണൻ പറയുന്നു.

Content Highlight: B.Unnikrishnan Talk About Udhayakrishna And Shyam pushkaran

We use cookies to give you the best possible experience. Learn more