| Wednesday, 26th June 2024, 8:23 am

എത്രയോ ചെറുപ്പത്തിൽ മോഹൻലാൽ അത്തരം കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്, സ്റ്റാർഡത്തിൽ നിൽക്കുമ്പോൾ അഭിനയിച്ച ചിത്രമാണത്: ബി. ഉണ്ണികൃഷ്ണൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയേയും മോഹൻലാലിനെയും വെച്ച് ഒരുപോലെ സിനിമകൾ ചെയ്തിട്ടുള്ള സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ ആയിരുന്നു ബി. ഉണ്ണികൃഷ്ണന്റെ അവസാന ചിത്രം.

സൂപ്പർതാരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് വലിയ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്. മോഹൻലാൽ മമ്മൂട്ടിയെ പോലെ സിനിമകളിൽ അപ്ഡേറ്റഡാവുന്നില്ല, സിനിമകൾ തെരഞ്ഞെടുക്കുന്നില്ല എന്നാണ് പൊതുവെയുള്ള വിമർശനം.

എന്നാൽ താൻ അതിനോട് യോജിക്കുന്നില്ല എന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്. രണ്ട് നടന്മാരും വ്യത്യസ്തരാണെന്നും അവരുടെ രീതികളിലാണ് ഇരുവരും കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാറുള്ളതെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ദി മലബാർ ജേർണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ അതിനോട് യോജിക്കുന്നില്ല. കാരണം മോഹൻലാൽ എത്രയോ ചെറുപ്പത്തിൽ എത്രയോ കാര്യങ്ങൾ ഇതുപോലെ ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നത് മമ്മൂക്കക്ക് കൃത്യമായ ഒരു പഠനവും ശ്രദ്ധയുമുണ്ട്. മൊത്തത്തിൽ എങ്ങനെ മാറുന്നു എന്നൊക്കെ മമ്മൂക്ക ശ്രദ്ധിക്കാറുണ്ട്.

അതുകൊണ്ട് തന്നെ അത്തരത്തിലുള്ള തിരക്കഥകൾ വരുമ്പോൾ അതിന് വേണ്ടി മുൻകൈ എടുത്ത് ചെയ്യാനുള്ള മനസ് അദ്ദേഹത്തിനുണ്ട്. എന്നാൽ മോഹൻലാലിനെ സംബന്ധിച്ച് കൃത്യമായി പഠനം നടത്തി, നമുക്കെന്നാൽ ഇങ്ങനെ ചെയ്യാമെന്ന് പറയുന്ന ഒരാളല്ല. പക്ഷെ അദ്ദേഹത്തിന്റെ അടുത്ത് കാതൽ പോലൊരു സിനിമ കൺവിൻസ് ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അയ്യോ ഞാൻ ഇത് ചെയ്യില്ല എന്ന് പറയുന്ന ആളല്ല.

അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി ഒന്ന് എടുത്ത് നോക്കിയാൽ മതി. പാദമുദ്ര പോലൊരു സിനിമ അത്രയും സ്റ്റാർഡത്തിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ചെയ്തത്. അതുപോലെ സദയം പോലെയുള്ള സിനിമകൾ.

തെരഞ്ഞെടുപ്പിന്റെ കാര്യം പറയുമ്പോൾ ഇവർ രണ്ടുപേരും രണ്ട് രീതിയിൽ കഥാപാത്രങ്ങളെ സമീപിക്കുന്ന ആളുകളാണ്. ഒരാൾ വളരെ സ്വതസിദ്ധമായ രീതിയിൽ സിനിമകൾ തെരഞ്ഞെടുക്കുന്നു.

അദ്ദേഹത്തിന്റെ അഭിനയവും ആ രീതിയിലാണ്. എന്നാൽ മറ്റൊരാൾ ഒരുപാട് പഠിച്ച് പ്ലാനിങ്ങിലൂടെ സിനിമ ചെയ്യുന്നു,’ബി. ഉണ്ണികൃഷ്ണൻ പറയുന്നു.

Content Highlight: B.unnikrishnan Talk About Mohanlal’s Film Career

We use cookies to give you the best possible experience. Learn more