മലയാള സിനിമയിൽ ആ മാജിക് ഇനി ആവർത്തിക്കപ്പെടുമെന്ന് തോന്നുന്നില്ല: ബി. ഉണ്ണികൃഷ്ണൻ
Entertainment
മലയാള സിനിമയിൽ ആ മാജിക് ഇനി ആവർത്തിക്കപ്പെടുമെന്ന് തോന്നുന്നില്ല: ബി. ഉണ്ണികൃഷ്ണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th February 2024, 11:36 am

മലയാളത്തിലെ മുൻനിര നായക നടന്മാരുടെ കൂടെ സിനിമകൾ ചെയ്തിട്ടുള്ള സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ.

മോഹൻലാലിനെ നായകനാക്കി മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ, ആറാട്ട് എന്നീ സിനിമകൾ ഒരുക്കിയ ഉണ്ണികൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറയുകയാണ്.

മോഹൻലാൽ തന്റെ മുപ്പതിന്റെ തുടക്കത്തിൽ ചെയ്ത കഥാപാത്രങ്ങൾ ഇന്ന് ഒരു അത്ഭുതമാണെന്നും രാജാവിന്റെ മകൻ ചെയ്യുമ്പോൾ മോഹൻലാലിന് 26 വയസാണ് പ്രായമെന്നും മലയാള സിനിമയിൽ ഇനി അങ്ങനെ ഒരു മാജിക് ഉണ്ടാവാൻ സാധ്യതയില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ദി മലബാർ ജേർണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹൻലാലിനെ സംബന്ധിച്ച് അദ്ദേഹം തന്റെ ഇരുപതിന്റെ അവസാനത്തിലും മുപ്പതിന്റെ തുടക്കത്തിലും എല്ലാം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയത്.

സദയം ചെയ്യുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സാണ്. അതുപോലെ അദ്ദേഹത്തെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിച്ച രാജാവിന്റെ മകൻ ചെയ്യുമ്പോൾ വെറും 26 ആണ് പ്രായം. 1986ലെ സിനിമയല്ലേയത്.

അതെല്ലാം അത്ഭുതകരം ആയിട്ടുള്ള സംഗതിയാണ്. എനിക്ക് തോന്നുന്നില്ല മലയാള സിനിമയിൽ ഇനി ഈ മാജിക് ആവർത്തിക്കപ്പെടുമെന്ന്. ഇത് അഭിരുചിയുടെ പ്രശ്നം കൂടെയാണ്.

നേര് എന്ന സിനിമ ഇത്രത്തോളം വലിയ വിജയമാവാനുള്ള പ്രധാന കാരണം തകർന്നിരിക്കുന്ന ഒരാൾ കയറി വരുകയെന്നത് സിനിമയിൽ എപ്പോഴും വർക്ക്‌ ആവുന്ന ഒരു കാര്യമായത് കൊണ്ടാണ്,’ബി. ഉണ്ണികൃഷ്ണൻ പറയുന്നു.

Content Highlight: B. Unnikrishnan Talk About Mohanlal