| Wednesday, 16th February 2022, 9:05 am

ഞാന്‍ ആക്ഷന്‍ പറഞ്ഞശേഷം സാര്‍ പെട്ടെന്ന് ഡയലോഗ് പറഞ്ഞാല്‍ നന്നായിരുന്നു; പരാതി പറഞ്ഞ സംവിധായകനെ മോഹന്‍ലാല്‍ ഞെട്ടിച്ച കഥ പറഞ്ഞ് ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹല്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് റിലീസിനൊരുങ്ങുകയാണ്. വില്ലന്‍ എന്ന സിനിമക്ക് ശേഷം മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ആറാട്ട് ഒരു മാസ് എന്റര്‍ടെയ്‌നറായാണ് എത്തുന്നത്.

ഫെബ്രുവരി 18ന് തിയേറ്റര്‍ റിലീസ് ചെയ്യുന്ന ആറാട്ടിന്റെ തീം സോങ് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഇതിനിടെ മോഹന്‍ലാലിലെ നടനെക്കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

തെലുങ്ക് സിനിമ ജനതാ ഗാരേജില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതിനിടെ അതിന്റെ സംവിധാകനുണ്ടായ അനുഭവമാണ് ബി. ഉണ്ണികൃഷ്ണന്‍ പങ്കുവെച്ചത്.

തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ കൊരട്ടാല ശിവ, മോഹന്‍ലാലിനോട് അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് പരാതി പറഞ്ഞിരുന്നെന്നും ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി സംവിധായകനെ ഞെട്ടിച്ചുവെന്നുമാണ് ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

”തെലുങ്കിലെ പ്രമുഖ സംവിധായകനായ കൊരട്ടാല ശിവ ഒരിക്കല്‍ ലാല്‍ സാറിനോട് ചോദിച്ചു, ഞാന്‍ ആക്ഷന്‍ പറഞ്ഞ് കുറച്ചുകഴിയുമ്പോഴാണ് സാര്‍ ഡയലോഗ് പറയുന്നത് പെട്ടെന്ന് പറഞ്ഞാല്‍ നന്നായിരുന്നു, എന്ന്. ശരി എന്ന് മോഹന്‍ലാല്‍ സമ്മതിക്കുകയും ചെയ്തു.

ഷോട്ട് എടുത്തതിന് ശേഷം മോഹന്‍ലാല്‍ ശിവയെ അടുത്തേക്ക് വിളിച്ചു, എന്നിട്ട് പറഞ്ഞു.
നിങ്ങള്‍ ആക്ഷന്‍ പറയുമ്പോള്‍ ഡയലോഗിന് മുമ്പ് ഞാന്‍ എടുക്കുന്ന സമയവും, ഡയലോഗ് പറഞ്ഞതിന് ശേഷം ഉടനെ കട്ട് പറയാതെ എനിക്ക് രണ്ട് സെക്കന്റ് കൂടി തരികയാണെങ്കില്‍ അവിടെയുമാണ് എനിക്ക് അഭിനയിക്കാന്‍ പറ്റുക.

ശിവയ്ക്ക് ഭയങ്കര ഷോക്ക് ആയിരുന്നു ആ സംഭവം. ജീവിതത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ ലേണിംഗ് അനുഭവമായിരുന്നു അതെന്നാണ് അദ്ദേഹം പിന്നീട് അതിനെകുറിച്ച് പറഞ്ഞത്,” ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകള്‍ പുതിയൊരു പാഠമാണ് തനിക്ക് തന്നതെന്ന് ശിവ പറഞ്ഞതായും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥ ഒരുക്കുന്ന ആറാട്ടില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Content Highlight: B Unnikrishnan shares an experience of Telugu director Koratala Siva with Mohanlal

We use cookies to give you the best possible experience. Learn more