ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയുന്ന സിനിമയുടെ ആലോചനയിലാണ്: ബി. ഉണ്ണികൃഷ്ണന്‍
Film News
ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയുന്ന സിനിമയുടെ ആലോചനയിലാണ്: ബി. ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th March 2022, 2:50 pm

വിപണി ലക്ഷ്യമാക്കാത്ത, ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയുന്ന സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തന്റെ ആദ്യ ചിത്രമായ ജലമര്‍മരം അന്നത്തെ സാഹചര്യത്തില്‍ ആരും ആലോചിക്കാത്തതാണെന്നും അതുപോലൊരു ചിത്രം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ചര്‍ച്ചകള്‍ നടത്തുന്ന എഴുത്തുകാര്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ബോള്‍ഡായ സിനിമ ചെയ്യാന്‍ ധൈര്യമില്ലെന്നും എന്നാല്‍ അതിന്റെ അനന്തര ഫലങ്ങള്‍ അപ്പോള്‍ നോക്കാമെന്നാണ് താന്‍ പറഞ്ഞതെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ സിനിമയെ പറ്റിയുള്ള ആലോചനകള്‍ പങ്കുവെച്ചത്.

‘വിപണി ലക്ഷ്യമാക്കാത്ത ഒരു സിനിമ ചെയ്യണമെന്ന ബോധ്യം വരുകയാണെങ്കില്‍ അത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നുണ്ട്. ചിലപ്പോള്‍ ചെയ്യുകയും ചെയ്യും. അങ്ങനെ ചെയ്യുകയാണെങ്കില്‍ ഒരു ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാവണം ആ സിനിമ എന്നെനിക്ക് നിര്‍ബന്ധമുണ്ട്. അതിനു വേണ്ടിയുള്ള ശ്രമം എന്റെ ഉള്ളിലുണ്ട്.

ചില ചിന്തകളുണ്ട്. ആദ്യ സിനിമയായ ജലമര്‍മരം പാരിസ്ഥിതിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട സിനിമയാണ്. അത്തരത്തിലൊരു പ്രശ്‌നം ഒരു അഞ്ചുവയസ്സുകാരന്റെ പെഴ്‌സ്‌പെക്ടീവില്‍ അവതരിപ്പിക്കുക എന്നത് അന്ന് ഒരു വലിയ തീരുമാനമായിരുന്നു. സാധാരണ ഗതിയില്‍ ആരും ആലോചിക്കാത്തതാണ്. അതിന്റേതായ പ്രസക്തി ആ സിനിമക്ക് ഉണ്ടായിരുന്നു. അതു പോലെ ഒരു സിനിമ ആലോചിക്കുന്നുണ്ട്.

ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരുമായി ചില ചര്‍ച്ചകളിലേര്‍പ്പെടുന്നുണ്ട്. ധൈര്യമായി രാഷ്ട്രീയം പറയുന്ന സിനിമയാവണം. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ അത്ര ബോള്‍ഡായ സിനിമ പറയാന്‍ അവര്‍ക്ക് ധൈര്യമില്ല എന്നാണ് പറയുന്നത്. അങ്ങനെയല്ല എന്ന് ഞാന്‍ പറഞ്ഞു. അത് ചെയ്യാം. അതിന്റ അനന്തരഫലങ്ങള്‍ എന്താണെന്ന് നോക്കാം,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആറാട്ടാണ് ഒടുവില്‍ റിലീസ് ചെയ്ത ബി. ഉണ്ണികൃഷ്ണന്റെ സിനിമ. ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തിയ ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.

നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, രാമചന്ദ്ര രാജു, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിവര്‍ അഭിനയിച്ച് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എ.ആര്‍. റഹ്മാനും എത്തിയിരുന്നു.

Content Highlight:  b. Unnikrishnan says the film that states  a political statement  is under discussion