Film News
100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും; ഇനി ഒരു സിനിമയുണ്ടെങ്കില്‍ ആദ്യമെടുക്കുക ഷൈന്‍ ടോമിനെ: ബി. ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 03, 04:30 am
Wednesday, 3rd May 2023, 10:00 am

ഇനി താനൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം കാസ്റ്റ് ചെയ്യുക ഷൈന്‍ ടോം ചാക്കോയെ ആയിരിക്കുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഷൈനൊപ്പം വര്‍ക്ക് ചെയ്തത് താന്‍ അത്രയും ആസ്വദിച്ചിട്ടുണ്ടെന്നും ഒരു അഭിനേതാവെന്ന നിലയില്‍ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വി.കെ. പ്രകാശിന്റെ സംവിധാനത്തിലെത്തുന്ന ലൈവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍.

‘ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിങ്ങിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതായിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ക്രിസ്റ്റഫറില്‍ ഒരു പ്രധാന കഥാപാത്രത്തെ ഷൈന്‍ ടോം അവതരിപ്പിച്ചിരുന്നു.

അതേസമയം വി.കെ. പ്രകാശിന്റെ ലൈവില്‍ ഷൈന്‍ ടോമിനൊപ്പം മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കൊച്ചിയില് നടന്ന ഓഡിയോ ലോഞ്ചില്‍ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത് ട്രെയിലറിന്റെ പ്രകാശനം നിര്‍വഹിച്ചു. സൗണ്ട് ഡിസൈനറും ഓസ്‌കര്‍ ജേതാവുമായ റസൂല്‍ പൂക്കൂട്ടി ചിത്രത്തിലെ ഗാനങ്ങള്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ എസ്.എന്‍ സ്വാമിയും ചടങ്ങിന് എത്തിയിരുന്നു.

Content Highlight: B Unnikrishnan says that if he is making a film, he will cast Shine Tom Chacko first