| Sunday, 20th February 2022, 10:15 am

പല തീരുമാനങ്ങളും തെറ്റിപ്പോയി, എന്റെ പാളിച്ച കൊണ്ടാണ് ആ ചിത്രം പരാജയപ്പെട്ടത്; ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത നാലാമത്തെ സിനിമയാണ് ‘ആറാട്ട്’. ‘മാടമ്പി’, ‘വില്ലന്‍’, ‘മിസ്റ്റര്‍ ഫ്രോഡ്‌’ എന്നീ മൂന്ന് സിനിമകളാണ് ആറാട്ടിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിട്ടുള്ളത്.

ഇതില്‍ പരാജയപ്പെട്ടത് മിസ്റ്റര്‍ ഫ്രോഡായിരുന്നു. ആ സിനിമയിലെ തന്റെ പല തീരുമാനങ്ങളും തെറ്റിപ്പോയെന്നും തന്റെ പാളിച്ച കൊണ്ടാണ് ചിത്രം പരാജയപ്പെട്ടതെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്റെ പ്രതികരണം.

‘അമാനുഷിക കഥാപാത്രങ്ങളെ അധികം ഉപയോഗിച്ച ആളല്ല ഞാന്‍. മാടമ്പി ഇമോഷ്ണലായ, മെലോഡ്രമാറ്റിക്കലായ സിനിമയാണ്. അതില്‍ വളരെ സിമ്പിളായ ഇന്‍ഡ്രൊഡക്ഷനാണ് മോഹന്‍ലാലിനുള്ളത്. ഗ്രാന്റ് മാസ്റ്ററിലെ നായകന്‍ പരാജിതനാണ്. വില്ലനിലും കുറ്റവാളിയായ, എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒരാളാണ് പ്രധാനകഥാപാത്രം.

അല്പമെങ്കിലും ഹീമാന്‍ഷിപ്പ് ചെയ്തുനോക്കിയത് മിസ്റ്റര്‍ ഫ്രോഡിലാണ്. ഞാനും മോഹന്‍ലാലും ചെയ്ത നാല് സിനിമകളില്‍ സാമ്പത്തികമായി പരാജയപ്പെട്ടത് മിസ്റ്റര്‍ ഫ്രോഡാണ്. അത് കുറച്ചുകൂടി നന്നാവേണ്ട സിനിമയായിരുന്നു എന്നും, എന്റെ കുഴപ്പം കൊണ്ടാണ് പരാജയപ്പെട്ടതെന്നും തോന്നിയിട്ടുണ്ട്.

അതിലെ എന്റെ പല തീരുമാനങ്ങളും തെറ്റിപ്പോയെന്ന് പിന്നീട് കണ്ടപ്പോള്‍ തോന്നി. അങ്ങനെ പല സിനിമകള്‍ കാണുമ്പോള്‍ നമുക്ക് തോന്നും,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘സൂപ്പര്‍ സ്റ്റാര്‍ഡത്തെ മുന്നോട്ട് വെക്കുന്ന സംവിധായകനല്ല ഞാന്‍. അതുകൊണ്ട് തന്നെ ഞാനൊരു ഫാന്‍ ഫേവറൈറ്റ് സംവിധായകനല്ല. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരു സിനിമയുമായി വരുന്നുവെന്നറിഞ്ഞാല്‍ മോഹന്‍ലാല്‍ ഫാന്‍സ് രോമാഞ്ചം കൊള്ളുകയില്ല. ഇയാള്‍ പിന്നേം വന്നോ എന്നേ ആലോചിക്കൂ.

എന്നാല്‍ ആറാട്ടിലെത്തുമ്പോള്‍ ആ സൂപ്പര്‍ സ്റ്റാര്‍ഡത്തെ ഉപയോഗിക്കാനാണ് ശ്രമിച്ചത്. വേറൊരു അവകാശവാദവും ഈ സിനിമയ്ക്കില്ല. ആരവങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള സിനിമയാണ്,’ ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആറാട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആരാധകര്‍ ഏറ്റെടുത്തുവെങ്കിലും ചിത്രത്തിന് വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഫെബ്രുവരി 18നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.


Content Highlight: B. Unnikrishnan says mister fraud failed because of my mistakes 

We use cookies to give you the best possible experience. Learn more