| Friday, 11th February 2022, 11:44 am

കാലാകാലങ്ങളായി കണ്ടുവരുന്ന മാസ് എന്റര്‍ടെയ്‌നറുകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി: ആറാട്ടിനെ കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഇടവേളക്ക് ശേഷം എത്തുന്ന മോഹന്‍ലാലിന്റെ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായ ‘ആറാട്ടി’നായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ‘വില്ലന്’ ശേഷം മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം, ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിന് വേണ്ടി ഒരുക്കുന്ന തിരക്കഥ, ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ,ആര്‍ റഹ്മാന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രം, അങ്ങനെ നിരവധി പ്രത്യേകതകളാണ് ആറാട്ടിനുള്ളത്.

തമാശയും ആക്ഷനും മാസും ഒക്കെ ചേര്‍ന്ന, പ്രേക്ഷകന്‍ ഇഷ്ടപ്പെടുന്ന മോഹന്‍ലാലിനെയായിരിക്കും ആറാട്ടില്‍ കാണുകയെന്ന് പറയുകയാണ് ബി. ഉണ്ണികൃഷ്ണന്‍. കൊറോണക്കാലത്ത് എല്ലാവരും നിരാശയിലിരിക്കുമ്പോള്‍ ഒരു തട്ടുപൊളിപ്പന്‍ പടം ചെയ്യാമോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തില്‍ നിന്നുമാണ് ആറാട്ട് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രേക്ഷകര്‍ കാണാനിഷ്ടപ്പെടുന്ന മോഹന്‍ലാലായിരിക്കും ആറാട്ടിലേത്. അദ്ദേഹം ഇതുപോലുള്ള ചിത്രങ്ങള്‍ കുറേ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ചെറിയൊരു ഇടവേള സംഭവിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നമ്മള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഫോര്‍മാറ്റ് ഉണ്ടല്ലോ, കുറച്ച് തമാശയും ആക്ഷനും മാസും ഒക്കെ ചേര്‍ന്നുള്ളത്. അങ്ങനെയൊരാളാണ് നെയ്യാറ്റിന്‍കര ഗോപന്‍.

ഇത്തരത്തിലുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏറെ ആസ്വദിക്കുന്ന ആളാണ് ഞാനും. പക്ഷേ അങ്ങനെയൊന്ന് ഇറങ്ങിയിട്ടും നാളുകളേറെയായി. അദ്ദേഹവും അത് തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. ഈ കൊറോണക്കാലത്ത് എല്ലാവരും നിരാശയിലിരിക്കുമ്പോള്‍ നല്ല പ്ലസന്റായുള്ള, യാതൊന്നും ആലോചിക്കാതെ കാണാവുന്ന ഒരു തട്ടുപൊളിപ്പന്‍ പടം ചെയ്യാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ആ ആലോചനയില്‍ നിന്നാണ് ആറാട്ട് ഒരുങ്ങിയത്,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘പൂര്‍ണമായും മോഹന്‍ലാലിന് വേണ്ടി ഒരുക്കിയ ചിത്രമാണിത്. വില്ലന് വേണ്ടിയാണ് ഒടുവില്‍ ഞങ്ങള്‍ ഒന്നിച്ചത്. ഒരു മാസ് ചിത്രമാണ് വില്ലനില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിച്ചത്. എന്നാലത് അവര്‍ക്ക് കിട്ടിയില്ല. ചിത്രത്തിന്റെ അവതരണരീതിയിലും മറ്റും എന്റെ ജഡ്ജ്‌മെന്റ് തെറ്റിയതായിരിക്കാം. ആ സിനിമ എന്തെന്നുള്ളത് ഞാന്‍ നേരത്തെ വ്യക്തമാക്കണമായിരുന്നു. എന്നാല്‍, അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ആറാട്ട്. നിങ്ങള്‍ കണ്ട ട്രെയ്‌ലറിന്റെ അതേ എനര്‍ജി ചിത്രത്തിലുടനീളം ഉണ്ടാകും.

ഒരു അവകാശവാദങ്ങളുമില്ല, നിങ്ങള്‍ കാലാകാലങ്ങളായി കണ്ടുവരുന്ന മാസ് എന്റര്‍ടെയ്‌നറുകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി, അത് നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യിച്ചാല്‍ എനിക്ക് സന്തോഷം അത്രയേ ഉള്ളൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 18 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.


Content Highlight: b unnikrishnan says arattu is a visual treatment in this covid pandemic

We use cookies to give you the best possible experience. Learn more