കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ പഴയ സിനിമകളെ കൂടി കോര്‍ത്തിണക്കിയ ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്‌നര്‍ എന്നായിരുന്നു ബി. ഉണ്ണികൃഷ്ണന്‍ തന്നെ സിനിമയെ വിശേിപ്പിച്ചത്.
ചിത്രത്തിലെ ചില രസകരമായ നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ഉണ്ണികൃഷ്ണന്‍. ചില ഷൂട്ടുകള്‍ പ്രയാസപ്പെടുത്തിയെങ്കിലും മൊത്തത്തില്‍ ആറാട്ട് നല്ല ഫണ്ണായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഷൂട്ടിംഗ് സെറ്റിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചത്.
‘രാത്രികാലങ്ങളില്‍ എന്റേയും ഉദയന്റേയുമൊപ്പം കുറേനേരം വര്‍ത്തമാനം പറഞ്ഞിട്ടാണ് ലാല്‍ സാറ് പോകുന്നത്. എല്ലാ തവണയും പോവുമ്പോള്‍ പുള്ളി കോറിഡോറില്‍ കൂടി ഞങ്ങളെ കാണിക്കാനായി ഒരു പ്രത്യേക രീതിയില്‍ നടക്കും.
മൂന്നാമത്തെ ദിവസം ഷൂട്ടിനായി വന്നപ്പോള്‍ ഇന്നത്തെ ഷൂട്ടില്‍ എനിക്ക് ആ നടപ്പ് വേണമെന്ന് പറഞ്ഞു. ഒരു തരത്തിലും ഞാന്‍ ചെയ്യില്ല എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അങ്ങനെയല്ല എനിക്കത് വേണമെന്ന് ഞാന്‍ പറഞ്ഞു. പിന്നെ പുള്ളി അത് ചെയ്തു. ഭയങ്കര രസകരമായ ഒരു ഷൂട്ട് ആയിരുന്നു അത്.
ഇടക്ക് ട്രെയ്‌നിന്റെ മുകളില്‍ കയറി ഒരു ഷോട്ട് എടുക്കണമായിരുന്നു. കൊവിഡ് കാലമായിരുന്നു. പ്രത്യേകം അനുമതി ഒക്കെ വാങ്ങിയാണ് ചെയ്തത്. അങ്ങനെ പാടുള്ള ഷൂട്ടുമുണ്ടായിരുന്നു. എങ്കില്‍ പോലും ഫണ്ണായിട്ടുള്ള ഷൂട്ടായിരുന്നു ആറാട്ടിന്റേത്,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അതേസമയം റിലീസിന് പിന്നാലെ ആറാട്ടിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന മറ്റൊരു അഭിമുഖത്തില്‍ വിമര്‍ശനങ്ങള്‍ക്കും ഉണ്ണികൃഷ്ണന്‍ മറുപടി നല്‍കിയിരുന്നു.
‘വെറുതെ നിങ്ങളെന്തിനാണ് വിശകലനം ചെയ്യുന്നത്. അതൊരു പാവം സിനിമയാണ്. കണ്ടിട്ട് രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ നിങ്ങള്‍ ആ സിനിമ മറന്നുകളഞ്ഞേക്ക്. വേണമെങ്കില്‍ ആ സിനിമയിലെ ഫൈറ്റ് ഇഷ്ടപ്പെട്ടു, ഫണ്‍ ഇഷ്ടപ്പെട്ടു, ലാല്‍ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോ,’
വേണമെങ്കില്‍ നിങ്ങള്‍ ഒരിക്കല്‍ കൂടി ആ സിനിമ കണ്ടോ. കണ്ട് കഴിഞ്ഞാല്‍ എനിക്ക് സന്തോഷമാണ്. എന്തായാലും കടോം പലിശേമാണ്. അപ്പോള്‍ നിങ്ങള്‍ റിപ്പീറ്റായി വന്ന് കാണ്. അത്രേയുള്ളൂ. അല്ലാതെ ഇത് കണ്ടിട്ട് എന്നാലിതിന്റെ പൊളിറ്റിക്കല്‍ കറക്ട്നെസിനെ പറ്റി എഴുതിയേക്കാം, അങ്ങനെ ചെയ്യണമായിരുന്നു ഇങ്ങനെ ചെയ്യണമായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ എനിക്കറിഞ്ഞുകൂടാ, അതിനെ വെറുതെ വിടുകയാണ് നല്ലതെന്ന് തോന്നുന്നു,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: b unnikrishnan says aarattu shoot was good fun