തിയേറ്ററില്‍ അഭിപ്രായമെടുക്കുന്നത് വിലക്കിയെന്നത് വ്യാജം, ക്രിസ്റ്റഫറിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുണ്ടാക്കിയ വാര്‍ത്ത: ബി. ഉണ്ണികൃഷ്ണന്‍
Film News
തിയേറ്ററില്‍ അഭിപ്രായമെടുക്കുന്നത് വിലക്കിയെന്നത് വ്യാജം, ക്രിസ്റ്റഫറിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുണ്ടാക്കിയ വാര്‍ത്ത: ബി. ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th February 2023, 6:57 pm

തിയേറ്ററുകളില്‍ വന്ന് പ്രേക്ഷകരില്‍ നിന്നും അഭിപ്രായം എടുക്കുന്നതിന് സിനിമാ സംഘടന വിലക്കേര്‍പ്പെടുത്തി എന്ന വാര്‍ത്ത വ്യാജമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍.

ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന എന്ന വാര്‍ത്തയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ബി. ഉണ്ണികൃഷ്ണന്റെ ഫോട്ടോ ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട് പ്രചരിപ്പിക്കുന്നത്. ഈ വാര്‍ത്ത തികച്ചും വ്യാജമാണെന്നും പ്രചരണത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇത്തരമൊരു തീരുമാനം സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായതായി അറിയില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അന്വേഷിച്ചപ്പോള്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിഞ്ഞത്. തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍, ഫെഫ്‌കെ, തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ എന്ന സിനിമ ഇറങ്ങാന്‍ 2 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇങ്ങനൊരു വാര്‍ത്ത പ്രചരിക്കുന്നത്. ഇത് ക്രിസ്റ്റഫര്‍ എന്ന ചിത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്ത മാത്രമാണെന്ന് ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ഫെബ്രുവരി ഒമ്പതിനാണ് ക്രിസ്റ്റഫര്‍ റിലീസ് ചെയ്യുന്നത്. ക്രിസ്റ്റഫറിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്.

Content Highlight: b unnikrishnan response on a false new about theatre responses on movies