'പുലിമുരുകനി'ലെ ആ ട്രോള്‍ ചെയ്യപ്പെട്ട ഡയലോഗ് ലാലേട്ടന്‍ പറയുന്നുണ്ട്, ഇതൊന്നും ഫാന്‍സിന് വേണ്ടി ചെയ്തതല്ല: ബി. ഉണ്ണികൃഷ്ണന്‍
Film News
'പുലിമുരുകനി'ലെ ആ ട്രോള്‍ ചെയ്യപ്പെട്ട ഡയലോഗ് ലാലേട്ടന്‍ പറയുന്നുണ്ട്, ഇതൊന്നും ഫാന്‍സിന് വേണ്ടി ചെയ്തതല്ല: ബി. ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th February 2022, 3:32 pm

ഒരിടവേളക്ക് ശേഷം മോഹന്‍ലാലിന്റെ മാസ് സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ആളുകള്‍ക്ക് സന്തോഷം നല്‍കാന്‍ ഒരു സിനിമ എന്ന മോഹന്‍ലാലിന്റെ ആവശ്യത്തില്‍ നിന്നുമാണ് ‘ആറാട്ട്’ ഉണ്ടാകുന്നത്.

ഫെബ്രുവരി 18നാണ് ആറാട്ട് തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 4ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുറെ നാളുകള്‍ക്ക് ശേഷമാണ് മീശ പിരിച്ചും, മുണ്ട് മടക്കി കുത്തിയുമുള്ള മാസ് ലാലേട്ടനെ പ്രേക്ഷകര്‍ കാണുന്നത്.

‘കെ.ജി.എഫി’ലെ വില്ലനായ ‘ഗരുഡ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാമചന്ദ്രറാവു, ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്‍ എന്നിവരുടെ സാന്നിധ്യവും ചര്‍ച്ചയായിരുന്നു. അതുപോലെ ആളുകള്‍ ശ്രദ്ധിച്ച ഒന്നാണ് മോഹന്‍ലാലിന്റെ തന്നെയും മറ്റ് സിനിമകളുടെയും ഡയലോഗ് റഫറന്‍സുകള്‍. ‘ലൂസിഫറി’ലെ ‘നിന്റെ തന്തയല്ല എന്റെ തന്ത’ മുതല്‍, കെ.ജി.എഫിലെ ‘മോണ്‍സ്റ്റര്‍’ വരെ റഫറന്‍സുകള്‍ നീണ്ടു.

എന്നാല്‍ ട്രെയ്‌ലറില്‍ കണ്ടതിന് പുറമേയുള്ള റഫറന്‍സുകള്‍ ചിത്രത്തിലുണ്ട് എന്ന് പറയുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. പുലിമുരുകനിലെ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ട ഡയലോഗ് ചിത്രത്തിലുണ്ടെന്നും അത് മോഹന്‍ലാല്‍ പറയുന്നതായാണ് ഉള്‍പ്പെടുത്തിയതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കൗമുദി മൂവിസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സിനിമയിലുടനീളം റഫറന്‍സസുണ്ട്. എന്നാല്‍ സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ആ റഫറന്‍സുകള്‍ യൂസ് ചെയ്തിരിക്കുന്നത്. അത് സിനിമ കാണുമ്പോള്‍ ബോധ്യമാകും.

ഉദയകൃഷ്ണ തിരക്കഥ എഴുതിയ പുലിമുകനില്‍ ഒരുപാട് ആളുകള്‍ ട്രോള്‍ ചെയ്ത ഡയലോഗാണ് ‘കേട്ടറവിനെക്കാള്‍ വലുതാണ് മുരുകനെന്ന സത്യം’. അതിനെ വേറൊരു തലത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ആറാട്ടില്‍ ആ ഡയലോഗ് പറയുന്നത് ലാല്‍ സാറാണ്. അങ്ങനെയൊക്കെ രസകരമായ കാര്യങ്ങള്‍ ഇതില്‍ ചെയ്തിട്ടുണ്ട്. അത് ഫാന്‍സിന് വേണ്ടി ചെയ്തതല്ല. ഞങ്ങള്‍ എന്‍ജോയ് ചെയ്തങ്ങ് ചെയ്തതാണ്.

‘എന്റെ റോള്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല’ എന്ന റഫറന്‍സ് ഞാന്‍ ‘ഗ്രാന്റ് മാസ്റ്ററി’ലേക്ക് എടുത്തിരുന്നു. അതുപോലെ ചില റഫറന്‍സുകള്‍ സിനിമയില്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ നോക്കിയിട്ടുണ്ട്,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സിനിമക്കായി താന്‍ വലിയ പ്രതീക്ഷ നല്‍കുന്നില്ലെന്നും, പ്രേക്ഷകര്‍ ഇതിനു മുന്‍പ് കണ്ടിട്ടുള്ളതുപോലൊരു സിനിമ ആണിതെന്നും ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Content Highlight: b unnikrishnan about the references in aarattu