ആഗോള സിനിമാ ലോകത്ത് ഇന്ന് സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. സംവിധാനത്തിലും എഴുത്തിലും അഭിനയത്തിലുമെന്നുവേണ്ട സകല മേഖലകളിലും മനുഷ്യാധ്വാനത്തിന് പകരമാവാന്‍ എ.ഐക്ക് സാധിക്കും എന്ന സാധ്യത തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.
എക്‌സ്‌പ്രെഷന്‍സ് മാത്രം ലഭിച്ചാല്‍ അഭിനേതാവില്ലാതെ തന്നെ ഒരു സിനിമ മുഴുവന്‍ എടുക്കാമെന്ന സാധ്യതയാണ് അഭിനേതാക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നത്. അതേസമയം മണ്‍മറഞ്ഞ കലാകാരന്മാരെ ഇനിയും ചിത്രങ്ങളില്‍ കാണാനാവും എന്ന സാധ്യതയും ചിലര്‍ മുന്നോട്ട് വെച്ചിരുന്നു.
ഈ വിഷയത്തെ പറ്റി സംസാരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍. കണക്ക് കൂട്ടാന്‍ പറ്റാത്ത തരത്തിലുള്ള ഒരു മാജിക് കലയിലുണ്ടെന്നും അതിനെ ഒരിക്കലും പുനസൃഷ്ടിക്കാനാവില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതാണ് എ.ഐക്കെതിരെ സമരം ചെയ്യുന്നവരുടെ പ്രതീക്ഷയെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘മരിച്ചുപോയ കലാകാരന്മാരെ എങ്ങനെയാണ് പുനരാവിഷ്‌കരിക്കുന്നത്? എന്തായിട്ടാണ് പുനരാവിഷ്‌കരിക്കുന്നത്? ഒരു സ്പെക്ട്രല്‍ പ്രസന്‍സ് ആയി, ഒരു പ്രേതാത്മകത ആയിട്ട് ആണ് അവര്‍ വരാന്‍ പോകുന്നത്. എ.ഐ. പോലെയുള്ള സാങ്കേതിക വിദ്യകള്‍ എല്ലായ്പ്പോഴും തികഞ്ഞ കൃത്യതയോടെ ‘ശരി’കളെ മാത്രം ഉത്പാദിപ്പിക്കുന്നു. തെറ്റാനും തെറ്റിക്കാനുമുള്ള സാധ്യതകളിലാണ് കല നിലനില്‍ക്കുന്നത്. പാരാമീറ്റേഴ്സ് തെറ്റിച്ചുകൊണ്ട്, ചിട്ടവട്ടങ്ങള്‍ തെറ്റിച്ചുകൊണ്ട് ഒരാള്‍ ജമ്പ് ചെയ്യുമ്പോള്‍, ആ കുതിച്ചു ചാട്ടത്തിലാണ് കലയുടെ മൊമെന്റ് ഉണ്ടാകുന്നത്.
ജഗതി ശ്രീകുമാറിനെ ഏത് അല്‍ഗോരിതം വെച്ച് റീക്രിയേറ്റ് ചെയ്താലും റിയല്‍ ടൈം പെര്‍ഫോമന്‍സിലെ അദ്ദേഹത്തിന്റെ മോഡുലേഷനോ ശ്വാസമോ മുഖത്തെ മസിലുകള്‍ ഒന്നു വിറക്കുന്നതോ ഒരിക്കലും കിട്ടില്ല. സര്‍ഗാത്മകത പ്രവചനാതീതമാണ്. അടുത്ത നിമിഷത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പ്രവചിക്കാന്‍ പറ്റില്ല.
ഒരു ടേക്ക് കഴിഞ്ഞ് ഒന്നുകൂടി ചെയ്യാം എന്ന് ആക്ടറോട് പറഞ്ഞാല്‍ കഴിഞ്ഞ ടേക്ക് എനിക്ക് അറിയില്ല, അത് പെര്‍ഫോം ചെയ്തു കഴിഞ്ഞതാണ്, വേണമെങ്കില്‍ ഒന്നുകൂടി എടുക്കാം എന്നാണ് പറയുന്നത്. പെര്‍ഫോം ചെയ്യുന്ന മൊമെന്റ് ആക്ടര്‍ക്ക് പോലും പ്രവചിക്കാന്‍ പറ്റാത്ത ഒരു സംഗതിയാണ്. ആ ആകസ്മികതയിലാണ് കലയുള്ളത്.
അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല എഴുത്തിന്റെ കാര്യത്തിലും മുന്‍കൂട്ടി കാണാന്‍ പറ്റാത്ത ഒരു ലക്ഷ്യത്തിലേക്കുള്ള സഞ്ചാരമുണ്ട്. കണക്ക് കൂട്ടാന്‍ പറ്റാത്ത തരത്തിലുള്ള ഒരു മാജിക് എവിടെയോ കിടപ്പുണ്ട്. അതിനെ ഒരിക്കലും പുനസൃഷ്ടിക്കാനാവില്ല. അതാണ് എ.ഐക്കെതിരെ സമരം ചെയ്യുന്നവരുടെ പ്രതീക്ഷ,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.