| Sunday, 13th February 2022, 11:28 pm

ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് തിയേറ്ററെന്ന് പഠനങ്ങള്‍ പറയുന്നു, വിദഗ്ദ സമിതിക്ക് വേണ്ടത്ര വൈദഗ്ദ്യം ഇല്ലായിരിക്കും: ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് വിദഗ്ത സമിതിക്ക് വേണ്ടത്ര വൈദഗ്ദ്യം ഇല്ലാത്തതുകൊണ്ടാവും തിയേറ്റര്‍ അടച്ചിടാന്‍ പറയുന്നതെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ലോകമെമ്പാടുമുള്ള ക്രെഡിബിളിറ്റിയുള്ള ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ ബാക്കിയുള്ള എല്ലാത്തിനെക്കാളും സുരക്ഷിതമായ സ്ഥലമാണ് തിയേറ്റര്‍ എന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവിസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിദഗ്ദ സമിതിക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര വൈദഗ്ദ്യം ഇല്ലാത്തത് കൊണ്ടാവും തിയേറ്ററുകള്‍ അടച്ചിടാന്‍ പറയുന്നത്. തിയേറ്ററില്‍ മാത്രം വരുന്ന കൊറോണ ഇല്ലല്ലോ. ഞാന്‍ നല്‍കിയ കത്തിന്റെ കൂടെ ഒരുപാട് പഠനങ്ങള്‍ കൊടുത്തിരുന്നു.

ലോകമെമ്പാടുമുള്ള ക്രെഡിബിളിറ്റിയുള്ള ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ ബാക്കിയുള്ള എല്ലാത്തിനെക്കാളും സുരക്ഷിതമായ സ്ഥലമാണ് തിയേറ്റര്‍. എന്നിട്ടും തിയേറ്ററുകള്‍ മാത്രമാണ് അടക്കപ്പെടുന്നത് എന്നത് നിര്‍ഭാഗ്യകരമായ സംഗതിയാണ്,’ അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്താല്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ തിയേറ്റര്‍ തുറക്കാന്‍ സാധിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ആരോഗ്യമന്ത്രിക്ക് ബി. ഉണ്ണികൃഷ്ണന്‍ കത്തയച്ചിരുന്നു. ഇതേ കുറിച്ചുള്ള അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠനങ്ങള്‍ ഫെഫ്ക ആരോഗ്യമന്ത്രിക്ക് അയച്ച കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് ഫെബ്രുവരി 18 നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്‍ ആതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.


Content Highlight: b unnikrishnan about the closing of theatre

We use cookies to give you the best possible experience. Learn more