തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ എവർഗ്രീൻ സിനിമയാണ് രാജാവിന്റെ മകന്‍. അദ്ദേഹത്തിന് പുറമെ രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച സിനിമ 1986 ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.
മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ നായകപദവിയിലേക്ക് ഉയര്‍ത്തിയ സിനിമ കൂടിയായിരുന്നു ഇത്. ‘വിന്‍സന്റ് ഗോമസ്’ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹന്‍ലാല്‍ രാജാവിന്റെ മകനില്‍ എത്തിയത്. മലയാളിക്ക് അന്നുവരെ കണ്ടു പരിചയമില്ലാത്ത വില്ലന്‍ പരിവേഷമുള്ള നായക കഥാപാത്രമായിരുന്നു വിന്‍സെന്റ് ഗോമസ്.
തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും ഒരു വിഷമഘട്ടത്തിൽ ഉള്ളപ്പോൾ മോഹൻലാൽ സ്ക്രിപ്റ്റ് പോലും വായിക്കാതെ ചെയ്തുകൊടുത്ത സിനിമയാണ് രാജാവിന്റെ മകനെന്ന് പറയുകയാണ് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. രാജാവിന്റെ മകന്‍ കഴിഞ്ഞ് തുടരെ വ്യത്യസ്ത സിനിമകളാണ് മോഹൻലാൽ ചെയ്തതെന്നും ഇന്നത് സാധിക്കില്ലെന്നും ബി.ഉണ്ണികൃഷ്ണൻ പറയുന്നു. അത്തരത്തിലുള്ള സിനിമകള്‍ ഇന്ന് ചെയ്യണമെങ്കില്‍ വൈവിധ്യമുള്ള സ്ക്രിപ്റ്റുകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
‘തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും എന്നോട് പറഞ്ഞ ഒരു കഥയുണ്ട്. ഒരു ഹോട്ടലിന്റെ ലോബിയില്‍ അവരൊരു വിഷമഘട്ടത്തില്‍ ഇരിക്കുമ്പോള്‍ വെറുതെ അത് വഴി നടന്നുപോയ ആളാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനോട് ഇവര്‍ ഒരു പടം ചെയ്തു തരാമോ എന്ന് ചോദിച്ചപ്പോള്‍ എത്ര ദിവസം വേണമെന്നാണ് തിരിച്ചുചോദിച്ചത്. 25 ദിവസം മതിയെന്ന് പറഞ്ഞപ്പോള്‍ രണ്ടായി തന്നാല്‍ മതിയോ എന്ന് ചോദിച്ചു. ആ സിനിമയാണ് രാജാവിന്റെ മകന്‍. അത് ഒരിക്കലും അവര്‍ സ്‌ക്രിപ്റ്റ് വായിച്ചൊന്നും ചെയ്ത ഒരു സംഗതിയല്ല.
ആ കാലഘട്ടത്തില്‍ അത്ര ബ്രില്യന്റ് ആയിട്ടുള്ള ഒരുപാട് സിനിമകള്‍ ബാക്ക് ടു ബാക്ക് ഉണ്ടായി. അങ്ങനെ പരുവപ്പെട്ട് പരുവപ്പെട്ട് വന്നവരാണ് അവര്‍. അത്ര നല്ല പടങ്ങളാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്. അത്തരത്തിലുള്ള സിനിമകള്‍ ഇന്ന് ചെയ്യണമെങ്കില്‍ അത്രയും വൈവിധ്യമുള്ള സിനിമകള്‍ ഉണ്ടാകണം, ഒരേ വര്‍ഷം അത്തരത്തില്‍ ചെയ്യാന്‍ കഴിയണം.
രാജാവിന്റെ മകന്‍ കഴിഞ്ഞ് തുടരെ വന്ന മോഹന്‍ലാലിന്റെ സിനിമകള്‍ നോക്കൂ, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, 20ാം നൂറ്റാണ്ട്, സന്മനസുള്ളവര്‍ക്ക് സമാധാനം, എന്ത് വ്യത്യസ്തമാര്‍ന്ന സിനിമകളാണ് ഒന്നോ രണ്ടോ വര്‍ഷത്തെ കാലയളവിനുള്ളില്‍ ഉണ്ടാകുന്നത്. അത്തരത്തില്‍ ഇനിയുണ്ടാകാനുള്ള സാധ്യത കുറവാണ്,’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: B.Unnikrishnan About Rajavinte Makan Movie And Mohanlal