|

മോഹന്‍ലാല്‍ ഇപ്പോള്‍ ചില സംവിധായകരെ അങ്ങോട്ട് വിളിച്ച് സിനിമ ചോദിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്: ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ വിജയ പരാജയ ചിത്രങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. മോഹന്‍ലാലുമായി ബന്ധപ്പെട്ട് ചിലര്‍ ചില കാര്യങ്ങള്‍ പടച്ചുവിടുന്നുണ്ടെന്നും അദ്ദേഹം എന്തോ വലിയ കെടുതിയിലാണെന്ന രീതിയിലാണ് ചിലരുടെ സംസാരമെന്നുമാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്.

ഇന്നേ വരെ ഒരു സംവിധായകനെയോ എഴുത്തുകാരനേയോ വിളിച്ച് എനിക്ക് ഒരു പടം ചെയ്യണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലെന്നും അത് നൂറ് ശതമാനം തനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റുമെന്നും അങ്ങനെ പറയുന്ന ഒരു രീതിയല്ല മോഹന്‍ലാലിന്റേതെന്നുമായിരുന്നു ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

‘ ഞാന്‍ കേട്ട ഒരു കാര്യമുണ്ട്. ആളുടെ പേരൊന്നും പറയുന്നില്ല. മോഹന്‍ലാല്‍ ചില സംവിധായകരെ അങ്ങോട്ട് അപ്രോച്ച് ചെയ്തിട്ടാണ് ഇപ്പോള്‍ സിനിമ ചെയ്യിപ്പിക്കുന്നത് എന്നാണ് അത്.

ഇവര്‍ പറയുന്നത് മോഹന്‍ലാല്‍ എന്തോ മഹാ കെടുതിയിലാണ് എന്നാണ്. മോഹന്‍ലാലിനെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തതുകൊണ്ടാണ് കേട്ടോ ഇങ്ങനെ പറയുന്നത്.

ഇന്നേ വരെ ഒരു സംവിധായകനെയോ എഴുത്തുകാരനേയോ വിളിച്ച് എനിക്ക് ഒരു പടം ചെയ്യണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ല. അത് നൂറ് ശതമാനം എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും. അങ്ങനെ പറയുന്ന ഒരു രീതിയല്ല മോഹന്‍ലാലിന്റേത്.

അതുപോല തന്നെയാണ് ജയ പരാജയങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവും. എനിക്ക് ഓര്‍മയുണ്ട് വില്ലന്‍ സിനിമ റിലീസ് ആകുന്നതിന് രണ്ട് ദിവസം മുന്‍പാണ് നിര്‍മാതാവ് വൈശാഖിന്റെ സഹോദരിയുടെ വിവാഹ നിശ്ചയം.

ആ ചടങ്ങില്‍ ഞങ്ങള്‍ എല്ലാവരും പങ്കെടുത്തിരുന്നു. അതിന് മുന്‍പോ അതിന് ശേഷമോ മോഹന്‍ലാല്‍ എന്നോട് പറയാത്ത ഒരു കാര്യം അദ്ദേഹം അന്ന് എന്നോട് പറഞ്ഞു.

കാരണം ഞാന്‍ അന്ന് കുറച്ച് ടെന്‍ഷനിലായിരുന്നു. വില്ലന്‍ എന്ന പേരും വിശാല്‍ മോഹന്‍ലാല്‍ പോലുള്ള ആളുകളുമൊക്കെ ഒരുമിക്കുമ്പോള്‍ ആളുകള്‍ ഒരു മാസ് ഫിലിം ആയിരിക്കും പ്രതീക്ഷിക്കുക എന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഇതെങ്ങനെ പെര്‍ഫോം ചെയ്യുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. എന്റെ ആ ആശങ്ക മനസിലാക്കിയ അദ്ദേഹം, എന്തിനാണ് വിഷമിച്ച് ഇരിക്കുന്നത് എന്ന് എന്നോട് ചോദിച്ചു. അദ്ദേഹം പടം കണ്ടെന്നും വില്ലന്‍ നല്ലൊരു സിനിമയാണെന്നും നിങ്ങള്‍ നന്നായി അത് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ബാക്കിയുള്ളത് വിട്ടേക്കൂ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ സിനിമയെ സമീപിക്കുന്ന ഒരാളാണ് അദ്ദേഹം.

‘എനിക്കെന്തോ ഭയങ്കര പ്രശ്‌നം വന്നിരിക്കുന്നു, ഇതാ എന്റെ രക്ഷകരായിട്ട് ഞാന്‍ ചിലരെ കാണുന്നു. അതുകൊണ്ട് ഞാന്‍ അങ്ങോട്ട് പോയിട്ട് സിനിമ ചെയ്യിക്കുകയാണ് ‘എന്ന രീതിയൊന്നും മോഹന്‍ലാലിന് ഇല്ല, ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: B Unnikrishnan about Mohanlal Movies and Flops

Latest Stories