പ്രണയവും വയലന്‍സും കൂടി നിരോധിക്കൂ, എന്നാല്‍ എളുപ്പമായില്ലേ; മദ്യപാന- പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തിനെതിരെ സിനിമാരംഗം
Malayalam Cinema
പ്രണയവും വയലന്‍സും കൂടി നിരോധിക്കൂ, എന്നാല്‍ എളുപ്പമായില്ലേ; മദ്യപാന- പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തിനെതിരെ സിനിമാരംഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd July 2019, 3:41 pm

തിരുവനന്തപുരം: മദ്യപാന പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ മാത്രമെ സിനിയ്ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശയ്‌ക്കെതിരെ വിമര്‍ശനവുമായി മലയാള സിനിമാ രംഗം.

മദ്യപാന-പുകവലി രംഗങ്ങള്‍ മാത്രമല്ല പ്രണയവും വയലന്‍സും എല്ലാം നിരോധിക്കട്ടെയെന്നും എന്നാല്‍ കാര്യങ്ങള്‍ എളുപ്പമായില്ലേയെന്നുമായിരുന്നു സംവിധായകനും ഫെഫ്ക്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

വളരെ നിര്‍ഭാഗ്യകരമായ ഒരു തീരുമാനമാണ് ഇത്. വിഷയത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നാളെ സിനിമയില്‍ പ്രണയം നിരോധിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ പോലും ഞങ്ങള്‍ക്ക് ഞെട്ടലുണ്ടാകില്ല. കാരണം അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്. ഇത് ആശങ്കപ്പെടുത്തുന്നുവെന്നല്ല പറയേണ്ടത്, സിനിമ കലാരൂപങ്ങളെ ഈ രീതിയില്‍ കാണുകയെന്നത് തീര്‍ത്തും നിരാശാജനകമാണ്. ഇടതുപക്ഷ പുരോഗമന സര്‍ക്കാരിന്റെ കാലത്ത് ഇത്തരം നടപടികള്‍ വരുന്നത് കഷ്ടമാണ്. എന്തായാലും ഇതൊന്നും നടപ്പിലാവാന്‍ പോകുന്നില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

 

ബി. ഉണ്ണികൃഷ്ണന്റെ പ്രതികരണം.

”ഇത് നടപ്പിലാക്കുന്നതിനോടൊപ്പം പ്രണയം, ഹിംസാത്മകത അങ്ങനെയുള്ള എല്ലാ കാര്യങ്ങളും നിരോധിക്കാന്‍ പറയൂ. അങ്ങനെയാണെങ്കില്‍ എളുപ്പമായില്ലേ? ഭരണകൂടം പറയുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക എന്നുള്ള ഒരു നോട്ടിഫിക്കേഷന്‍ ഇറക്കിയാല്‍ മതി. എന്നിട്ട് സ്‌ക്രിപ്റ്റ് അവിടെ സബ്മിറ്റ് ചെയ്യുക. അവരെല്ലാം കൂടി ഇരുന്ന് തീരുമാനിക്കട്ടെ എങ്ങനെയാണ് സിനിമയെടുക്കേണ്ടതെന്ന്.

നമ്മള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി സംസാരിച്ചു കഴിഞ്ഞു. അത് ഒരു ശുപാര്‍ശ മാത്രമാണെന്നാണ് മന്ത്രി പറഞ്ഞത്. സിനിമയിലുള്ളവരേയും പൊതുജനങ്ങളേയും മറ്റുള്ളവരേയും കേട്ടതിന് ശേഷം മാത്രമേ അത്തരമൊരു തീരുമാനത്തിലേക്ക് പോകുള്ളൂവെന്നാണ് മന്ത്രി അറിയിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്ത് യാഥാസ്ഥിതികതയുടെ അങ്ങേയറ്റത്ത് നില്‍ക്കുമ്പോഴും ഇത്തരമൊരു തീരുമാനം വരുന്നത് വളരെ നിര്‍ഭാഗ്യകരമാണ്.

ഞങ്ങള്‍ മാനസികമായി തയ്യാറാണ്, ഇവര്‍ നാളെ സിനിമയില്‍ പ്രണയം നിരോധിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതും ഞങ്ങള്‍ക്ക് ഒട്ടും ഞെട്ടലുണ്ടാക്കില്ല. ഇത് ആശങ്കപ്പെടുത്തുന്നുവെന്നല്ല പറയേണ്ടത്. തീര്‍ത്തും നിരാശാജനകമാണെന്നാണ്.

സിനിമ പോലുള്ള കലാരൂപങ്ങളെ ഈ രീതിയില്‍ കാണുകയെന്നത് ശരിയല്ല. ഇടതുപക്ഷ പുരോഗമന സര്‍ക്കാരിന്റെ കാലത്ത് ഇത്തരം നടപടികള്‍ വരുന്നത് തന്നെ കഷ്ടമാണ്. എന്തായാലും ഇതൊന്നും നടപ്പിലാവാന്‍ പോകുന്നില്ലെന്നതാണ് സത്യം”. – ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നിയമസഭാ സമിതിയുടെ ശുപാര്‍ശക്കെതിരെ വിമര്‍ശനവുമായി നേരത്തെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും രംഗത്തെത്തിയിരുന്നു.

മദ്യപാന-പുകവലി രംഗങ്ങള്‍ മാത്രമല്ല ഫൈറ്റും പ്രണയവും പാട്ടും ഉള്‍പ്പെടെ എല്ലാം ഒഴിവാക്കി സിനിമ സാത്വികമാക്കണമെന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്റെ വിമര്‍ശനം.

”സ്വച്ഛ് ഭാരത് പോലെയുള്ള പരിപാടികള്‍ക്ക് വേണ്ടി സിനിമ മാറ്റിവെയ്ക്കണം. ഇറാനിലൊക്കെ സിനിമകള്‍ക്ക് കുറേ നിബന്ധനകളുണ്ട്. അതിനേക്കാള്‍ കര്‍ക്കശമാക്കണം. ഉത്തരകൊറിയയിലൊക്കെ സിനിമ സര്‍ക്കാര്‍ തന്നെ സ്പോണ്‍സര്‍ ചെയ്യുകയാണ്. നമുക്കും അങ്ങനെയൊക്കെ ആക്കണം. ഒരു വെറൈറ്റി ആകട്ടെ. ലോകസിനിമയ്ക്ക് നല്‍കുന്ന സംഭാവനയില്‍ നമ്മള്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിക്കും. കേരളത്തില്‍ തന്നെയാണ് ഇത് തുടങ്ങേണ്ടത്’- എന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിച്ചത്.

കുട്ടികള്‍ അനുകരിക്കുമെന്നതിനാലാണ് മദ്യപാന പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്തത് എന്നാണ് നിയമസഭാ സമിതി അറിയിച്ചത്.

സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെതാണ് റിപ്പോര്‍ട്ട്. പി ആയിഷ പോറ്റി എം.എല്‍.എയാണ് സമിതിയുടെ അധ്യക്ഷ.

നിലവില്‍ മദ്യപാന രംഗങ്ങളും പുകവലിക്കുന്ന രംഗങ്ങളും കാണിക്കുമ്പോള്‍ നിയമപരമായി മുന്നറിയിപ്പു നല്‍കണമെന്നാണ് ചട്ടം. 2015 ലെ കണക്ക് പ്രകാരം എട്ട് ലക്ഷം ഭിന്നശേഷിക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

പ്രതിമാസം 5000 രൂപയില്‍ താഴെമാത്രം പെന്‍ഷന്‍ ലഭിക്കുന്ന ഭിന്നശേഷിക്കാരായ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് വികലാംഗ പെന്‍ഷന്‍ കൂടി നല്‍കണം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളണം, ഭൂരഹിത ഭവനരഹിത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ലൈഫ് മിഷന്‍ പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തണം എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍.