| Thursday, 27th June 2024, 9:36 am

വിജയ് എന്തൊരു വലിയ സ്റ്റാറാണ്, പക്ഷെ ആ സൂപ്പർ സ്റ്റാറുകൾക്കൊപ്പം വിജയ്‌യുടെ പേര് ചേർത്ത് വെക്കാൻ പ്രയാസമാണ്: ബി. ഉണ്ണികൃഷ്ണൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയേയും മോഹൻലാലിനെയും വെച്ച് ഒരുപോലെ സിനിമകൾ ചെയ്തിട്ടുള്ള സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ ആയിരുന്നു ബി. ഉണ്ണികൃഷ്ണന്റെ അവസാന ചിത്രം. തമിഴ് സിനിമയിലെ താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

കമൽഹാസൻ, രജിനികാന്ത് എന്നിവരെ പോലെ മറ്റൊരാൾ ആവർത്തിക്കാൻ ബുദ്ധിമുട്ടാണെന്നും എന്നാൽ വിജയ്‌യും അജിത്തും വലിയ താരങ്ങൾ തന്നെയാണെന്നും ബി.ഉണ്ണികൃഷ്ണൻ പറയുന്നു. സിനിമ ഇൻഡസ്ട്രിയിൽ മാത്രമല്ല മറ്റുമേഖലയായ സ്പോർട്സിലും ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. ദി മലബാർ ജേർണേലിനോട്‌ സംസാരിക്കുകയായിരുന്നു സംവിധായകൻ.

‘തമിഴിൽ കമൽ ഹാസൻ, രജിനികാന്ത് എന്നിവരെ പോലെ മറ്റൊരാൾ വീണ്ടും ആവർത്തിക്കാൻ ബുദ്ധിമുട്ടാണ്.
വിജയ് എന്തൊരു വലിയ താരമാണെന്ന് നമ്മൾ പറയാറുണ്ട്. അതിൽ യാതൊരു സംശയവുമില്ല വിജയ് വലിയ താരമാണ്. അതുപോലെ അജിത് വലിയൊരു താരമാണ്.

പക്ഷെ ആ രണ്ടുപേരുകളുടെ കൂടെ ഇവരുടെ പേര് നമുക്ക് ചേർത്ത് വെക്കാൻ പറ്റുമോ. കമൽ ഹാസൻ, രജിനികാന്ത് എന്ന് പറയുന്ന പോലെ വിജയ്, അജിത് എന്ന് പറയാൻ നമുക്കൊരു ബുദ്ധിമുട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.

എല്ലാ സിനിമാ ഇൻഡസ്ട്രിയിലും ഇതുണ്ട്. സിനിമ മാത്രമല്ല സ്പോർട്സിലും അങ്ങനെയാണ്. അവിടെയും അങ്ങനെയല്ലേ. ബ്രയാൻ ലാറ, സച്ചിൻ ഇവർക്ക് ശേഷം ആരായിരുന്നു. എന്നാൽ ഫുട്ബോളിൽ മാത്രമാണ് അതിങ്ങനെ തുടർന്ന് വരുന്നതെന്ന് എനിക്ക് തോന്നുന്നു,’ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം ആരാണെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.

‘സിനിമ എന്തായാലും മുമ്പോട്ട് തന്നെ പോവും എന്നതിൽ സംശയമൊന്നുമില്ല. പക്ഷെ അവരെപോലുള്ള താരങ്ങൾ ഇനി ഉണ്ടാവുകയെന്നത് ബുദ്ധിമുട്ട് തന്നെയാണ്,’ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

Content Highlight: B.Unnikrishanan Talk About Stardom Of Vijay

We use cookies to give you the best possible experience. Learn more