| Sunday, 13th February 2022, 9:59 pm

ആറാട്ട് ഒരു അത്ഭുത സിനിമയാണെന്നൊന്നും ഞാന്‍ അവകാശപ്പെടില്ല: ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരിടവേളക്ക് ശേഷമുള്ള മോഹന്‍ലാലിന്റെ മാസ് സിനിമക്കായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേക്ഷകര്‍. വില്ലന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ആറാട്ട്.

അതേസമയം സിനിമക്കായി താന്‍ അമിതപ്രതീക്ഷകളൊന്നും തരുന്നില്ലെന്നും ഇതൊരു അത്ഭുത സിനിമയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമ ഗാലറിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ആറാട്ട് ഒരു മാസ് മസാല സിനിമയാണ്. സുഹൃത്തുക്കളുമൊത്തോ കുടുംബമായിട്ടോ തിയേറ്ററിലെത്തി കണ്ടുപോകാവുന്ന ഒരു സിനിമയാണ് ആറാട്ട്. ഞാന്‍ പ്രതീക്ഷകളൊന്നും തരുന്നില്ല. ഇതുവരെ കാണാത്ത അത്ഭുത സിനിമ എന്നും പറയില്ല. ഒരു പക്ഷേ നിങ്ങള്‍ പല തവണ കണ്ട സിനിമയാവാം. പക്ഷേ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമ ആയിരിക്കാം ഇത്.

ഇതുപോലെ വലിയ വിജയങ്ങള്‍ തന്നിട്ടുള്ള ആളാണ് മോഹന്‍ലാല്‍. അദ്ദേഹം ഇതുപോലൊരു സിനിമ ചെയ്തിട്ട് കുറച്ച് നാളായി. അത്തരമൊരു സിനിമയിലേക്ക് അദ്ദേഹം തിരിച്ചുവരുന്നു. അത് അദ്ദേഹത്തിന് മാത്രം പറ്റുന്ന രീതിയില്‍ മനോഹരമാക്കുന്നു. അദ്ദേഹത്തെ ആശ്രയിച്ചാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്,’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അതേസമയം കേസുകളൊക്കെ കഴിഞ്ഞ് പുറത്തേക്ക് വന്നാല്‍ ദിലീപുമൊത്ത് സിനിമ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് എന്ന അഭിനേതാവിനെ പ്രയോജനപ്പെടുത്താന്‍ പറ്റുന്ന വിഷയം വന്നാല്‍ അതിനെ പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ദിലീപുമായി ബന്ധപ്പെട്ട് കോടതിയില്‍ ചില കേസുകള്‍ നടക്കുന്നുണ്ട്. അയാള്‍ അതില്‍ നിന്നൊക്കെ വെളിയില്‍ വന്നാല്‍ തീര്‍ച്ചയായും സിനിമ ചെയ്യും. ദിലീപ് എന്ന അഭിനേതാവിനെ പ്രയോജനപ്പെടുത്താന്‍ പറ്റുന്ന ഒരു വിഷയം വരുമ്പോള്‍ ആ സമയത്ത് ആലോചിക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 18 നാണ് ആറാട്ട് തിയേറ്ററുകളിലേക്ക് എത്തുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്‍ ആതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.


Content Highlight: b uniikridhnan says arattu is not a wonder movie

We use cookies to give you the best possible experience. Learn more