ബി.ടി വിളകളുടെ പരീക്ഷണം 10 വര്‍ഷത്തേക്ക് നിരോധിക്കാന്‍ ശുപാര്‍ശ
India
ബി.ടി വിളകളുടെ പരീക്ഷണം 10 വര്‍ഷത്തേക്ക് നിരോധിക്കാന്‍ ശുപാര്‍ശ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th October 2012, 12:12 am

ന്യൂദല്‍ഹി: ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ കൃഷിയിടങ്ങളില്‍ പരീക്ഷിക്കുന്നത് 10 വര്‍ഷത്തേക്ക് നിരോധിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശ. []

ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം അനുവദിക്കുകയാണെങ്കില്‍ തന്നെ അത് കര്‍ഷകരുടെ ഭൂമിയില്‍ പാടില്ല. ഇതിനായി പ്രത്യേകം വേര്‍തിരിച്ച് മാറ്റിവെച്ച സ്ഥലം മാത്രമേ ഉപയോഗിക്കാവൂ എന്നും സമിതി ചൂണ്ടിക്കാട്ടി.

ജനിതക വിത്തുകളും വിളകളും പരിസ്ഥിതിക്കും ആരോഗ്യത്തിനും സുരക്ഷിതമാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും സമിതി വിലയിരുത്തി. മൂന്നുമാസം നീണ്ട പരിശോധനകളും പഠനങ്ങളും നടത്തിയാണ് വിദഗ്ധ സംഘം ഇത്തരമൊരു വിലയിരുത്തലില്‍ എത്തിച്ചേര്‍ന്നത്.

ജനിതക വിത്തുകളുടെ കൃഷിയിടങ്ങളിലെ പരീക്ഷണം പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അനുവദിക്കാവൂവെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ സമിതി അഭിപ്രായപ്പെട്ടു.

ബി.ടി വഴുതനയ്ക്കും പരുത്തിക്കും പിന്നാലെ ജനിതക നെല്‍വിത്തുകളും പരീക്ഷിക്കാന്‍ ഒരുക്കം നടക്കവെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകമാവും.

പരീക്ഷണം ഇന്ത്യയില്‍ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്നാണ് ഇക്കാര്യം പഠിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിച്ചത്.