| Tuesday, 17th May 2022, 7:51 am

മഴക്കെടുതികള്‍ നേരിടാന്‍ ഇത്തവണ ഡ്രോണും; ഫയര്‍ ഫോഴ്‌സ് വിഭാഗം സജ്ജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഴക്കെടുതികള്‍ നേരിടാന്‍ അഗ്നിശമന സേന വിഭാഗം ശക്തമെന്ന് മേധാവി ബി. സന്ധ്യ. അപകടമേഖലകളിലെ നിരീക്ഷണത്തിനായി ഇത്തവണ ഡ്രോണും ഉപയോഗിക്കും. വെള്ളക്കെട്ടുകളിലും നദികളിലും ഇറങ്ങരുതെന്ന മുന്നറിയിപ്പും ഫയര്‍ ഫോഴ്‌സ് വിഭാഗം മേധാവി നല്‍കി.

കഴിഞ്ഞ ദിവസങ്ങളിലായി മഴ ശക്തമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. പതിവിലും നേരത്തെ ഇത്തവണ കാലവര്‍ഷം എത്തുമെന്ന് പ്രവചനവും കാലാവസ്ഥ പ്രവചന കേന്ദ്രത്തില്‍ നിന്നുമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്കുള്ള തയാറെടുപ്പുകളിലേക്ക് ഫയര്‍ഫോഴ്‌സ് വിഭാഗം കടന്നത്.

300 ലധികം സ്‌കൂബ ടീമും 80 ലധികം റബ്ബര്‍ ബോട്ടുകളും തയാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം ഇത്തവണ ആദ്യമായി ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്കൊപ്പം പരിശീലനം ലഭിച്ച സിവില്‍ ഡിഫന്‍സ് അംഗങ്ങളേയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും.

മഴ തുടങ്ങിയതോടെ മുങ്ങിമരണങ്ങളും വര്‍ധിച്ചിട്ടുണ്ട്. നിറഞ്ഞുകവിഞ്ഞ് ആറുകളിലൊന്നും ഇറങ്ങരുതെന്ന് ഫയര്‍ഫോഴ്‌സ് മേധാവി മുന്നറിയിപ്പ് നല്‍കി. അറിയാവുന്ന ആറാണെങ്കില്‍ പോലും വെള്ളം കലങ്ങിമറിഞ്ഞൊഴുകുന്ന സാഹചര്യത്തിലോ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുള്ളപ്പോഴോ ഇറങ്ങരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ തുടരും. നാല് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷദ്വീപിന് സമീപവും വടക്കന്‍ തമിഴ്‌നാട്ടിലും നിലനില്‍ക്കുന്ന ചക്രവാത ചുഴികളാണ് മഴ തുടരുന്നതിന് കാരണം. കൂടാതെ പടിഞ്ഞാറന്‍ കാറ്റും ശക്തി പ്രാപിച്ചിട്ടുണ്ട്. മണ്‍സൂണ്‍ ആന്‍ഡമാന്‍ ദ്വീപ സമൂഹങ്ങളില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് എത്തും.

Content Highlight: b. sadhya said that the fire force is strong enough to deal with the rains

We use cookies to give you the best possible experience. Learn more