ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിഞ്ഞ് ബി.എസ്.പി: ഒറ്റ സീറ്റിലും മുന്നേറാനായില്ല
national news
ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിഞ്ഞ് ബി.എസ്.പി: ഒറ്റ സീറ്റിലും മുന്നേറാനായില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 5:52 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി പരാജയത്തിലേക്ക് നീങ്ങുന്നു. കാര്യമായി ഒരു മണ്ഡലത്തിലും മായാവതി നേതൃത്വം നല്‍കുന്ന ബി.എസ്.പിക്ക് ലീഡ് ഉയര്‍ത്താനായിട്ടില്ല. 80 ലോക്‌സഭാ മണ്ഡലങ്ങളിലും ബി.എസ്.പി പുറകിലാണ്.

ഉത്തര്‍പ്രദേശില്‍ സഖ്യത്തിനില്ലെന്നു പറഞ്ഞ് എസ്.പി യുമായി ചേര്‍ന്ന് മത്സരിക്കാതെ ഇക്കുറി ഒറ്റക്കായിരുന്നു ബി.എസ്.പി മത്സര രംഗത്തേക്കിറങ്ങിയത്. ബി.ജെ.പി യും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ നിലവില്‍ കടുത്ത മത്സരമാണ് ഉത്തര്‍പ്രദേശില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും നേടാനാകാതെ ബി.എസ്.പിയുടെ പതനമാണ് സംസ്ഥാനത്ത് നിന്നുള്ള ഈ തെരഞ്ഞെടുപ്പുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഫലം. നിലവില്‍ എല്ലാ മണ്ഡലങ്ങളിലും ബി.എസ്.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു കഴിഞ്ഞു. ആഗ്ര മണ്ഡലത്തില്‍ പൂജ ആംറോഹി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. എസ്.പി മുന്നിലുള്ള ഫൈസാബാദിലും ബി.എസ്.പി പിന്നിലാണ്. സച്ചിദാനന്ദ് പാണ്ഡെയാണ് ഇവിടെ ബി.എസ്.പി സ്ഥാനാര്‍ത്ഥി.

നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിലും ബി.എസ്.പി മൂന്നാം സ്ഥാനത്താണ്. അഥേര്‍ ജമല്‍ ലാറിയാണ് മോദിക്കെതിരെ ബി.എസ്.പി നിര്‍ത്തിയ സ്ഥാനാര്‍ത്ഥി. റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ബി.ജെ.പി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബി.എസ്.പി യുടെ താക്കൂര്‍ പ്രസാദ് യാദവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു കഴിഞ്ഞു.

ദേശീയ പാര്‍ട്ടിയെന്ന പദവിയുള്ള ബി.എസ്.പി 2009ല്‍ യു.പിയില്‍ 21 സീറ്റുകള്‍ നേടിയിരുന്നു, 2004ല്‍ 19 സീറ്റുകള്‍ നേടി. മായാവതിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ആറു സീറ്റുകള്‍ നേടിയിരുന്നു. 1999-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 14 സീറ്റും നേടിയിരുന്നു.

നിലവില്‍ 36 സീറ്റുകളിലാണ് സമാജ്വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. 33 സീറ്റിലാണ് ബി.ജെ.പി മുന്നേറുന്നത്. നിലവില്‍ 6 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. അയോധ്യ നിയമസഭാ സീറ്റ് ഉള്‍പ്പെടുന്ന ഫൈസാബാദില്‍ സമാജ്വാദി പാര്‍ട്ടിയുടെ അവദേശ് പ്രസാദ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ലല്ലു സിങ്ങിനെക്കാള്‍ 49233 വോട്ടുകള്‍ക്ക് മുന്നിലാണ്.

2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 62 സീറ്റുകള്‍ നേടുകയും സഖ്യകക്ഷിയായ അപ്നാ ദള്‍ (എസ്) രണ്ട് സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ ബി.എസ്.പി പത്ത് സീറ്റുകളും എസ്.പി അഞ്ച് സീറ്റുകളിലുമായിരുന്നു വിജയിച്ചത്. 2022ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും ബി.എസ്.പിയുടെ തിരഞ്ഞെടുപ്പ് പ്രകടനം മോശമായിരുന്നു. ഒരു ബി.എസ്.പി സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് അന്ന് വിജയിക്കാനായത്.

Content Highlight: B.S.P in third position in Uther Pradesh