രാജ്യത്തെ ആകെ 4000 എം.എല്‍.എമാരില്‍ 600 പേരെ കോണ്‍ഗ്രസിനുള്ളൂ, എന്നിട്ടും എന്തിനാണിത്ര അഹങ്കാരം: കെ. കവിത
national news
രാജ്യത്തെ ആകെ 4000 എം.എല്‍.എമാരില്‍ 600 പേരെ കോണ്‍ഗ്രസിനുള്ളൂ, എന്നിട്ടും എന്തിനാണിത്ര അഹങ്കാരം: കെ. കവിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th March 2023, 2:21 pm

ഹൈദരാബാദ്: പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ബി.ആര്‍.എസ് നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ കെ. കവിത. സ്വന്തം താല്‍പര്യങ്ങള്‍ വെടിഞ്ഞ് ഒരു ടീമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിച്ച് അധികാരം നേടിയെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിയൂവെന്നും അവര്‍ അഭിപ്രായപ്പെട്ടു. വനിത സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുമായി നടത്തിയ സമ്മേളനത്തിലാണ് അവരിക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ ബി.ആര്‍.എസ് ശ്രമിക്കുമ്പോള്‍ അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു. കൂട്ടത്തില്‍ കേന്ദ്രത്തിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ബി.ജെ.പിയുടെ ബി ടീമായി മുദ്ര കുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കവിത കുറ്റപ്പെടുത്തി.

തമിഴ്‌നാട്ടിലും ബീഹാറിലും ഏതെങ്കിലും മുന്നണിയുടെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് എന്ത് കൊണ്ടാണ് ദേശീയ രാഷ്ട്രീയത്തില്‍ മഹാസഖ്യം രൂപീകരിക്കാന്‍ തയ്യാറാവാത്തതെന്നും ചോദിച്ചു. അഹങ്കാരം വെടിഞ്ഞ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

‘സ്വന്തം താല്‍പര്യങ്ങള്‍ മാറ്റി നിര്‍ത്തി ഒരു ടീമായിട്ട് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. പ്രതിപക്ഷ കക്ഷികളോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ സാധിക്കൂ. പ്രതിപക്ഷ ഐക്യത്തിന്റെ ഏത് ഭാഗത്താണ് നില്‍ക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്.

എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തൊരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. കോണ്‍ഗ്രസിനെക്കൂടാതെ ഇവിടെ ഒരുമാറ്റവും സംഭവിക്കില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്. എങ്കില്‍ നിങ്ങള്‍ അതൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഈ രാജ്യത്ത് ആകെയുള്ള 4000 എം.എല്‍.എമാരില്‍ കോണ്‍ഗ്രസിന് ആകെയുള്ളത് 600 പേരാണ്.

നിങ്ങള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? തമിഴ്‌നാട്ടില്‍ ആകെ 17 എം.എല്‍.എമാര്‍ മാത്രമേ അവര്‍ക്കുള്ളു. അവിടെ മുന്നണിയെ കൂട്ടുപിടിച്ചാണ് അവര്‍ നിലനില്‍ക്കുന്നത്. ബീഹാറിലും ഇത് തന്നെയാണ് അവസ്ഥ. ബംഗാളില്‍ നിങ്ങള്‍ക്ക് എത്ര എം.എല്‍.എമാരുണ്ട്. ഒരു സീറ്റ് തന്നെ കിട്ടാന്‍ എത്രമാത്രം കഷ്ടപ്പെട്ടെന്ന് ആലോചിക്കുന്നത് നന്നായിരിക്കാം.

പ്രതിപക്ഷത്തെ താറടിച്ച് കാണിക്കാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് ഓര്‍മിപ്പിച്ചത്. ആര് അതിന് മുന്‍കൈ എടുക്കും എന്നതാണ് ചിന്തിക്കേണ്ടത്. ബി.ആര്‍.എസ് മാത്രം എല്ലാ ഭാരവും ചുമലിലേറ്റണമെന്നാണോ നിങ്ങള്‍ പറയുന്നത്. ഞങ്ങളതിന് തയ്യാറാണ് പക്ഷെ കോണ്‍ഗ്രസ് എവിടെ? എന്നാണവര്‍ അവരുടെ അഹങ്കാരം വെടിഞ്ഞ് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചെത്തുന്നത്,’ കവിത ചോദിച്ചു.

അതിനിടെ മദ്യനയക്കേസില്‍ അന്വേഷണം നേരിടുന്ന കെ.കവിത ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായി. അന്വേഷണത്തെ ഭയക്കുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു.

Content Highlight: B.R.S leader k.Kavitha slams congress on opposition allaince