| Thursday, 9th March 2023, 5:37 pm

'ഇലക്ഷനുണ്ടോ? മോഡിക്ക് മുന്നെ ഇ.ഡിയെത്തും'; രാജ്യത്തിനും തെലങ്കാനക്കും വേണ്ടി നിങ്ങള്‍ എന്താണ് ഇതുവരെ ചെയ്തിട്ടുള്ളത്: കെ. കവിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാന: ദല്‍ഹി മദ്യ നയക്കേസില്‍ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഇ.ഡി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ആര്‍.എസ് നേതാവും മുന്‍ എം.പിയുമായ കെ. കവിത. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് നടപടിയെന്നും തന്നെയും അച്ഛനായ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെയും കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വം ലക്ഷ്യം വെക്കുകയാണെന്നും അവര്‍ ആരോപിച്ചു.

തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികളെ അയക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരം ഏര്‍പ്പാടാണെന്നും അഭിമാനമുണ്ടെങ്കില്‍ മോദി ജനങ്ങളോട് വികസനം പറഞ്ഞ് വോട്ട് ചോദിക്കട്ടെയെന്നും കെ. കവിത പറഞ്ഞു.

എവിടെയെങ്കിലും ഇലക്ഷന്‍ നടക്കാനുണ്ടെങ്കില്‍ അവിടെ മോദിയേക്കാള്‍ മുന്നെ ഇ.ഡിയെത്തും. കുറച്ച് കാലങ്ങളായി ഈയൊരു അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇതിനോടകം 16ഓളം ബി.ആര്‍.എസ് നേതാക്കള്‍ക്കെതിരെയാണ് വിവിധ കേസുകള്‍ ചുമത്തിയിരിക്കുന്നത്.

രാജ്യത്തിനും തെലങ്കാന ജനങ്ങള്‍ക്കും വേണ്ടി നിങ്ങള്‍ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. ജനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ വെച്ച് അവരോട് വോട്ട് ചോദിക്കൂ,’ കവിത പറഞ്ഞു.

കൂട്ടത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതേ രീതി തെലങ്കാനയില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഒമ്പതോളം സംസ്ഥാനങ്ങളിലും അട്ടിമറിയിലൂടെ അധികാരത്തിലെത്തിയവരാണ് ബി.ജെ.പിക്കാര്‍. അതേ നീക്കം തെലങ്കാനയിലും നടത്താമെന്ന് വിചാരിക്കരുത്. നിങ്ങളുടെ ഭീഷണികള്‍ക്ക് മുമ്പില്‍ ഭയപ്പെടുന്ന ജനങ്ങളല്ല ഇവിടെ ഉള്ളത്.

തെലുങ്കാന ജനതയുടെ ആശീര്‍വാദത്തോടെ അധികാരത്തിലെത്തിയവരാണ് ഞങ്ങള്‍. ബി.ജെ.പിക്കാരുടെ പൊള്ളത്തരം ഇനിയും ഞങ്ങള്‍ തുറന്ന് കാണിക്കും,’ കവിത പത്ര സമ്മേളനത്തില്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ദല്‍ഹി മദ്യനയക്കേസില്‍ മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നതായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

ഹൈദരാബാദിലെ മലയാളി മദ്യവ്യവസായി അരുണ്‍ രാമചന്ദ്രനെ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തതിന് ശേഷമാണ് ബി.ആര്‍.എസ് നേതാവ് കെ.കവിതയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. അരുണ്‍ രാമചന്ദ്രന്റെ സൗത്ത് കാര്‍ട്ടലുമായി കെ.കവിതക്ക് ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി 100 കോടി രൂപ കൈക്കൂലി കൊടുത്തെന്നാണ് സൗത്ത് കാര്‍ട്ടലിനെതിരായ കേസിലെ സി.ബി.ഐ വാദം. കേസില്‍ മാര്‍ച്ച് 11ന് ഇ.ഡിക്ക് മുമ്പില്‍ ഹാജരാകുമെന്ന് കവിത ട്വീറ്റ് ചെയ്തിരുന്നു.

മാര്‍ച്ച് 10ന് ജന്തര്‍ മന്തറില്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ വനിതാ സംവരണ ബില്ലിനായി നിരാഹാര സത്യാഗ്രഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കവിതയെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

Content Highlight: B.R.S leader K. Kavitha slams B.J.P about her E.D case

We use cookies to give you the best possible experience. Learn more