| Sunday, 20th August 2023, 11:07 am

ഈ കളി ഇവിടെ കളിച്ചിരുന്നേല്‍ ആര്‍.സി.ബി മിനിമം രണ്ട് കപ്പ് അടിച്ചേനേ; ഹസരങ്ക മാജിക്കില്‍ ഫൈനലിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ലങ്ക പ്രീമിയര്‍ ലീഗിന്റെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഗല്ലെ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ബ ലവ് കാന്‍ഡി. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിനാണ് കാന്‍ഡി ഗല്ലെ ടൈറ്റന്‍സിനെ തോല്‍പിച്ച് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

ബി ലവ് കാന്‍ഡിയുടെ മറ്റ് മത്സരങ്ങളിലേതെന്ന പോലെ വാനിന്ദു ഹസരങ്കയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് ഈ മത്സരത്തിലും ടീമിന് തുണയായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഹസരങ്ക ടീമിനെ ഫൈനലിലേക്ക് നയിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹസരങ്കയുടെ തീരുമാനം തെറ്റുന്ന കാഴ്ചയായിരുന്നു ആദ്യം കണ്ടത്. ഓപ്പണര്‍മാര്‍ രണ്ട് പേരും ഒറ്റയക്കത്തിന് പുറത്തായപ്പോള്‍ കാന്‍ഡി നിന്ന് പരുങ്ങി. ടീം സ്‌കോര്‍ 20 തൊട്ടപ്പോഴേക്കും മൂന്നാം വിക്കറ്റും നിലം പൊത്തിയതോടെ കാന്‍ഡി വീണ്ടും സമ്മര്‍ദത്തിലായി.

എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ദിനേഷ് ചണ്ഡിമലും ക്യാപ്റ്റന്‍ ഹസരങ്കയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ചണ്ഡിമല്‍ 37 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 38 റണ്‍സ് നേടിയപ്പോള്‍ 30 പന്തില്‍ 48 റണ്‍സായിരുന്നു ഹസരങ്കയുടെ സമ്പാദ്യം. മൂന്ന് ബൗണ്ടറിയും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ഹസരങ്കയുടെ ഇന്നിങ്‌സ്.

17 പന്തില്‍ നിന്നും 24 റണ്‍സ് നേടിയ ഏയ്ഞ്ചലോ മാത്യൂസും സ്‌കോറിങ്ങില്‍ നിര്‍ണായക പങ്കുവഹിച്ചതോടെ ടീം സ്‌കോര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 157 എന്ന നിലയിലെത്തി.

ഗല്ലെ ടൈറ്റന്‍സിന് വേണ്ടി ലാഹിരു കുമാര, സോനാല്‍ ദിനുഷ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷാകിബ് അല്‍ ഹസനും കാസുന്‍ രജിതയും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗല്ലെക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചിരുന്നു. ടീം സ്‌കോര്‍ 38ല്‍ നില്‍ക്കവെയാണ് ടൈറ്റന്‍സിന്റെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 19 പന്തില്‍ നിന്നും 25 റണ്‍സ് നേടിയ ലിട്ടണ്‍ ദാസിനെയാണ് ടീമിന് ആദ്യം നഷ്ടമായത്.

മികച്ച തുടക്കം കിട്ടിയെങ്കിലും അത് മുതലാക്കാന്‍ ഗല്ലെക്ക് സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കാന്‍ഡി ഗല്ലെയുടെ കുതിപ്പിന് തടയിട്ടു. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് ഗല്ലെ നേടിയത്.

ബി ലവ് കാന്‍ഡിക്കായി മുഹമ്മദ് ഹസ്‌നെയ്ന്‍, ചതുരംഗ ഡി സില്‍വ, ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സഹന്‍ അരാചിഗെയും മുജീബ് ഉര്‍ റഹ്‌മാനും ഓരോ വിക്കറ്റും സ്വന്തമാക്കി.

ഫൈനലില്‍ ദാംബുള്ള ഓറയെയാണ് ബി ലവ് കാന്‍ഡിക്ക് നേരിടാനുള്ളത്. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

Content Highlight: B Love Kandy defeats Galle Titans

We use cookies to give you the best possible experience. Learn more