| Wednesday, 13th January 2021, 9:05 pm

ബി.ജെ.പിയോട് എതിര്‍പ്പ്; ആര്‍.എസ്.എസ് രാജ്യതാത്പര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍: കെമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് തനിക്ക് താത്പര്യമില്ലെന്നും അവരുടെ പ്രവര്‍ത്തനങ്ങളോട് തനിക്ക് യോജിക്കാന്‍ പറ്റില്ലെന്നും ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍പാഷ.

ബി.ജെ.പിയെന്ന പാര്‍ട്ടിയോട് തനിക്ക് വിരോധമൊന്നുമില്ലെന്നും എന്നാല്‍ ഒരുപാട് കാര്യങ്ങളില്‍ തനിക്ക് അവരോട് എതിര്‍പ്പുണ്ടെന്നുമായിരുന്നു ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കെമാല്‍പാഷ പറഞ്ഞത്.

‘എനിക്ക് അവരോടുള്ള എതിര്‍പ്പ് എന്ന് പറയുന്നത് ഒരുപാട് കാര്യങ്ങളിലുണ്ട്. ഉദാഹരണമായിട്ട് സി.എ.എ കൊണ്ടുവന്നു. ഈ നാട്ടിലുള്ള ജനങ്ങളെ വിഭജിക്കാനുള്ള തീരുമാനമായിരുന്നു അത്. ബ്രിട്ടീഷുകാരുടെ തന്ത്രമാണ് അവര്‍ എടുത്തുകൊണ്ടിരുന്നത്. ഇവിടെ ഹിന്ദു മുസ്‌ലീം ലഹളയുണ്ടാക്കി കാണിച്ചു. അതിന് ശേഷം ഇന്ത്യവെട്ടിമുറിച്ചു. അതുപോലെ ഈ ഭാരതത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സി.എ.എ എന്ന് ഞാന്‍ ആരോപിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഞാനത് വിശ്വസിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ് ആ ഭേദഗതിയിലൂടെ കൊണ്ടുവന്നത്.

അതുമാത്രമല്ല ദല്‍ഹിയിലെ കലാപം എങ്ങനെയൊക്കെ ഉണ്ടാക്കി എന്നത് നമ്മള്‍ കണ്ടതാണ്. അത് കലാപമൊന്നും അല്ല. അക്രമം അല്ലേ. ഇതുപോലെ ഓരോ കാര്യങ്ങള്‍. ട്രേഡ് യൂണിയന്‍ രംഗം മുഴുവന്‍ നശിപ്പിച്ചു. എല്ലാ നിയമങ്ങളും ഭേദഗതി ചെയ്തു. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത നിലയിലാക്കി. ഒരു ഫാക്ടറിയില്‍ തൊഴിലാളികള്‍ക്ക് സമരം ചെയ്യണമെങ്കില്‍ തൊഴിലുടമയുടെ കാലുപിടിക്കണമെന്ന അവസ്ഥയായി.

മാത്രമല്ല ഇന്ത്യയിലെ കര്‍ഷകര്‍ മുഴുവന്‍ തെരുവിലല്ലേ. കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന നിയമമല്ലേ അവര്‍ കൊണ്ടുവന്നത്. അത്രത്തോളം തോന്നിവാസമല്ലേ കാണിക്കുന്നത്’, കെമാല്‍പാഷ പറഞ്ഞു.

ഇതേ ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസിനെ താങ്കള്‍ പുകഴ്ത്തി സംസാരിക്കുകയും ദേശസ്‌നേഹമുള്ളവരുടെ സംഘടനയാണെന്ന് പറയുകയും ചെയ്തിരുന്നല്ലോ എന്ന ചോദ്യത്തിന് അവര്‍ ദേശദ്രോഹികളാണെന്ന് താന്‍ എങ്ങനെയാണ് പറയുകയെന്നായിരുന്നു കെമാല്‍പാഷയുടെ മറുപടി. അവരുടെ ദേശസ്‌നേഹത്തെക്കുറിച്ചൊന്നുമല്ല താന്‍ പറഞ്ഞതെന്നും വളരെ ഡിസ്പ്ലിന്‍ ഉള്ള ഒരു സംഘടനയാണ് അവരെന്നാണ് പറഞ്ഞതെന്നും കെമാല്‍പാഷ പറഞ്ഞു.

‘അവരുടെ ഡിസ്പ്ലിന്‍ കണ്ടിട്ട് ഞാന്‍ അവരെ പുകഴ്ത്തിയെന്നുള്ളതും പ്രകീര്‍ത്തിച്ചുവെന്നുള്ളതും സത്യമാണ്. അതിപ്പോഴും എനിക്ക് തന്നെ തോന്നുന്നുണ്ട്. കാരണം അത്രത്തോളം ഡിസിപ്ലിനാണ് അവര്‍ കീപ്പ് ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളം. അവരുടെ ഇന്റേണല്‍ ഡിസ്പ്ലിന്‍ കണ്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു’, കെമാല്‍പാഷ പറഞ്ഞു.

ഇതേ ഡിസിപ്ലിന്‍ വെച്ചിട്ട് തന്നെയല്ലേ ഇന്ത്യയിലെ പല കലാപങ്ങളിലും ആര്‍.എസ്.എസ് പങ്കാളികളായതും അവരുടെ പല നേതാക്കന്‍മാരും കേസുകളില്‍പ്പെട്ടതും, ബാബരി മസ്ജിദ് തകര്‍ത്ത കേസുകളിലടക്കം അവര്‍ ആരോപണവിധേയരായിരുന്നല്ലോ എന്ന ചോദ്യത്തിന് അതൊന്നും നല്ല കാര്യമായിരുന്നെന്ന് താന്‍ പറയുന്നില്ലെന്നായിരുന്നു കെമാല്‍പാഷയുടെ മറുപടി.

‘ അവര്‍ക്ക് അങ്ങനെയുള്ള ഒരുപാട് കുഴപ്പങ്ങളുണ്ട്. അതുകൊണ്ടെന്താ, അവരുടെ സംഘടന അവരെ സംബന്ധിച്ച് വളരെ അച്ചടക്കമുള്ള സംഘടനയല്ലെന്ന് എനിക്ക് പറയാന്‍ പറ്റുമോ? അവരുടെ ഡിസിപ്ലിന്‍ കണ്ടാല്‍ അവര്‍ ഇങ്ങനെയൊരു അക്രമങ്ങളില്‍ പങ്കെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനേ കഴിയില്ല. പിന്നെ ഈ ആര്‍.എസ്.എസും ബി.ജെ.പിയും ഒന്നല്ലല്ലോ. ആര്‍.എസ്.എസ് ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി അല്ല. ബി.ജെ.പി ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി ആണ്.

ഈ സംഘടനയെയൊന്നും ഞാന്‍ പിന്തുണയ്ക്കുകയില്ല. പിന്തുണച്ചിട്ടുമില്ല. ഞാന്‍ അവരുടെ മീറ്റിങ്ങില്‍ പോയി പ്രസംഗിച്ചത് സത്യമാണ്. അവര്‍ വളരെ ഡിസ്പ്ലിനോടുകൂടിയുള്ള ഒരു സംഘടനയാണ്. അവര്‍ രാജ്യതാത്പര്യത്തിന് നില്‍ക്കുന്ന ആളുകളാണ്. എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.
അല്ലാതെ വേറെ എന്താണ് ഞാന്‍ അവരെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

അവര്‍ വളരെ നല്ല ആളുകളാണെന്നും അതിന്റെ സ്ഥാപകരെല്ലാം വളരെ മിടുക്കരാണെന്നും അവരൊന്നും ഒരു കുഴപ്പവും കാണിച്ചിട്ടില്ലെന്നും പറഞ്ഞ് വെള്ളപൂശിയിട്ടില്ല. അവര്‍ ബാബറി മസ്ജിദ് തകര്‍ത്തതില്‍ എനിക്കും എതിര്‍പ്പുണ്ട്. പക്ഷേ അതില്‍ സുപ്രീം കോടതിയുടെ വിധി വന്നതോടുകൂടി അതൊരു അടഞ്ഞ അധ്യായമായിപ്പോയിട്ടുണ്ട്. ഒരുപാട് കാര്യങ്ങളില്‍ എനിക്ക് എതിര്‍പ്പുണ്ട്. അവര്‍ ഏറ്റവും നല്ല ആളുകളാണ് അതുകൊണ്ട് ആ സംഘടനയില്‍ ഞാനും ഉണ്ട് എന്ന് പറഞ്ഞിട്ടില്ല. എനിക്ക് അതില്‍ താത്പര്യമൊന്നും ഇല്ല’, കെമാല്‍ പാഷ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: B. Kemal Pasha about RSS and BJP and his Political Debut

We use cookies to give you the best possible experience. Learn more