| Wednesday, 31st May 2023, 9:07 am

ഇന്ത്യ ഉല്‍പ്പാദിപ്പിച്ച ഏറ്റവും വലിയ വിഷമാണ് സവര്‍ക്കര്‍: ജയമോഹന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇന്ത്യ ഇതുവരെ ഉത്പാദിപ്പിച്ചതില്‍ വെച്ച് ഏറ്റവും മാരകമായ വിഷം സംഘപരിവാര്‍ സൈദ്ധാന്തികനായ വി.ഡി. സവര്‍ക്കറെന്ന് പ്രമുഖ തമിഴ് എഴുത്തുകാരന്‍ ബി.ജയമോഹന്‍. ലോകം ഹിറ്റ്‌ലറെ വെറുക്കുന്നത് പോലെ രാജ്യത്ത് വെറുക്കേണ്ടയാളാണ് സവര്‍ക്കര്‍ എന്നും അദ്ദേഹം പറഞ്ഞു.

സവര്‍ക്കറെ രാജ്യം കാണുന്നത് ഗാന്ധി വിരുദ്ധനും ജനാധിപത്യ-മനുഷ്യത്വ വിരുദ്ധനായിട്ടാണെന്നും ഫ്രണ്ട്‌ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

വിനായക് ദാമോദര്‍ സവര്‍ക്കര്‍: ഇന്ത്യയുടെ മതമൗലിക വാദത്തിന്റെ ഉറവിടം എന്ന ലേഖനത്തിലാണ് സവര്‍ക്കരെയും ഗാന്ധിയെയും സ്വാതന്ത്ര്യ പോരാട്ടത്തെയും കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുവെക്കുന്നത്.

‘സവര്‍ക്കര്‍ യാഥാസ്ഥിതികനല്ല. വാസ്തവത്തില്‍ ഇന്ത്യ ഇതുവരെ ഉത്പാദിപ്പിച്ചതില്‍ വെച്ച് ഏറ്റവും മാരകമായ വിഷമാണ് അദ്ദേഹം.

സവര്‍ക്കറുടെ വിഷത്തിന് ഒരു മറുമരുന്ന് ഗാന്ധിയില്‍ മാത്രമേ നാം കാണുന്നുള്ളൂ. ഗാന്ധിയുടെ മരണത്തില്‍ സവര്‍ക്കറുടെ അദൃശ്യകരങ്ങള്‍ ഉണ്ടായത് അത് കൊണ്ടാണ്. ഗാന്ധി വധത്തില്‍ രാജ്യം ഇപ്പോള്‍ കുറ്റാരോപിതരായി നില്‍ക്കുന്നു.

ഗാന്ധിയുടെ രക്തം നമ്മുടെ ഉള്ളം കയ്യിലും പുരട്ടിയ പ്രതിയാണ് സവര്‍ക്കര്‍. മനസാക്ഷിയുള്ള, ശരിയായ രീതിയില്‍ ചിന്തിക്കുന്ന ഓരോ മനുഷ്യരും എല്ലാ വാക്കുകളും ഉപയോഗിച്ച് സവര്‍ക്കരെ തള്ളിക്കളയണം. ലോകം ഹിറ്റ്‌ലറെ വെറുക്കുന്നത് പോലെ വെറുക്കപ്പെടാന്‍ ഇന്ത്യയിലെ നേതാക്കളില്‍ സവര്‍ക്കര്‍ മാത്രമാണ് അര്‍ഹന്‍.

ഒരു കാരണവശാലും സവര്‍ക്കര്‍ ആരുടെയും ബഹുമാനത്തിന് അര്‍ഹനല്ല. സവര്‍ക്കറിന് രാഷ്ട്രം ഏതെങ്കിലും തരത്തിലുള്ള അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഗാന്ധി വിരുദ്ധവും, ജനാധിപത്യ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവുമാണ്,’ അദ്ദേഹം പറയുന്നു.

സവര്‍ക്കര്‍ മതമൗലികവാദിയായിരുന്നുവെന്നും ഹിന്ദു വഹാബിയാണെന്നും ജയമോഹന്‍ പറഞ്ഞു.

‘സവര്‍ക്കര്‍ ഒരു മതമൗലികവാദിയായിരുന്നു. ഏത് തരത്തിലുള്ള മതമൗലിക വാദവും ജനാധിപത്യവിരുദ്ധമാണ്. അത് സാധാരണക്കാരുടെ ക്ഷേമത്തിനെതിരായി പ്രവര്‍ത്തിക്കുകയും ആത്യന്തികമായി നാശം മാത്രം വരുത്തുകയും ചെയ്യുന്നു. അദ്ദേഹം ഹിന്ദു വഹാബിയാണ്.

ഗാന്ധി ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മാതൃകയായി നില്‍ക്കുന്നു. അതേസമയം സവര്‍ക്കര്‍ ഇതിന് നേര്‍ വിപരീതമായി നില്‍ക്കുന്നു. ഇന്ത്യന്‍ പൗരാണികതയില്‍ നിന്ന് ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പം കടമെടുത്ത് കൊണ്ട് അദ്ദേഹം അതിനെ ചുറ്റിപ്പറ്റി ഒരു മതമൗലിക പ്രസ്ഥാനം കെട്ടിപ്പടുത്തു.

ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ആദ്യത്തെ ആഭ്യന്തര മതമൗലികവാദ ചിന്തയാണ് സവര്‍ക്കറിന്റേത്. അദ്ദേഹം ഹിന്ദുമതമൗലിക വാദത്തിന്റെ പിതാവായിരുന്നു.

സവര്‍ക്കറോട് എനിക്ക് വെറുപ്പാണ്. ഈ ലേഖനത്തിന് വേണ്ടി സവര്‍ക്കറുടെ ചിത്രം എടുക്കുമ്പോള്‍ എനിക്ക് കയ്പ്പാണ് തോന്നിയത്. എന്നിരുന്നാലും ഞാന്‍ സവര്‍ക്കറെ ഒരു ഭീരുവായി കണക്കാക്കുന്നില്ല,’ ജയമോഹന്‍ കൂട്ടിച്ചേര്‍ത്തു.

ലേഖനത്തിന്റെ തുടക്കത്തില്‍ സവര്‍ക്കരുടെ ആദ്യകാലത്തെ രാജ്യസ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്ന, നൂറു സിംഹാസനങ്ങളടക്കമുള്ള പ്രശംസ കൃതികള്‍ രചിച്ച  ജയമോഹന്‍ അവസാനത്തോട്ട് വരുമ്പോള്‍ സവര്‍ക്കറോടുള്ള കടുത്ത വിയോജിപ്പും വിമര്‍ശനവും വ്യക്തമാക്കുന്നു.

content highlight: b jayamohan about savarkar

We use cookies to give you the best possible experience. Learn more