telengana
തെലങ്കാനയില്‍ ബി.ജെ.പി ബുള്‍ഡോസര്‍ സര്‍ക്കാര്‍ രൂപികരിക്കും: കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 15, 04:50 pm
Wednesday, 15th November 2023, 10:20 pm

ഹൈദരാബാദ്: വരാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുന്നത് ബി.ജെ.പിയായിരിക്കുമെന്നും സംസ്ഥാനം ഭരിക്കുന്നത് ഒരു ബുള്‍ഡോസര്‍ സര്‍ക്കാരായിരിക്കുമെന്നും കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് തെലുങ്കാന ബി.ജെ.പി അധ്യക്ഷന്‍ കൂടിയായ കിഷന്‍ റെഡ്ഡി പറഞ്ഞു.

‘സംസ്ഥാനത്ത് അനധികൃത വാണിജ്യ സമുച്ചയങ്ങളും വിവാഹ മണ്ഡപങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ഈ ഭൂമി പാവപ്പെട്ട മുസ്ലിങ്ങളുടേതാണ്. ബി.ജെ.പി.യുടെ ബുള്‍ഡോസര്‍ സര്‍ക്കാര്‍ തെലങ്കാനയില്‍ അധികാരത്തില്‍ വരും. അത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സമാനമായ രീതിയിലായിരിക്കും. യോഗി ആദിത്യനാഥിന്റെ കീഴില്‍ കുറ്റവാളികള്‍ക്കും റൗഡികള്‍ക്കും എതിരെ നടപടിയെടുക്കുന്ന വിധത്തിലായിരിക്കും തെലങ്കാനയിലും,’ കിഷന്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് എവിടെയെല്ലാം സര്‍ക്കാര്‍ രൂപീകരിക്കുന്നുവോ അവിടെയെല്ലാം കലാപങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നതായും കിഷന്‍ ആരോപിച്ചു. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെലുങ്കാന തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി കേവല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിഡുഗു രുദ്ര രാജു പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ദലിതനെ മുഖ്യമന്ത്രിയാക്കും എന്നുള്‍പ്പെടെയുള്ള നിരവധി വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ലംഘിച്ചുവെന്ന് രുദ്ര രാജു ആരോപിച്ചു.

ദലിതര്‍ക്ക് 3 ഏക്കര്‍ ഭൂമി വാഗ്ദാനം ചെയ്തെങ്കിലും അത് നടപ്പിലാക്കാതെ ജനങ്ങളെ മണ്ടന്മാരാക്കുകയും ചെയ്തെന്ന് രുദ്ര രാജു പറഞ്ഞു. തെലങ്കാനയില്‍ വ്യാപകമായ രീതിയില്‍ തൊഴിരഹിതര്‍ ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: B.J.P will form bulldozer government in Telangana: Union Minister Kishan Reddy