| Thursday, 6th September 2012, 1:38 pm

ബി.ജെ.പി ഹര്‍ത്താല്‍ : സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: എ.ബി.വി.പി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാലിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കണ്ണൂരില്‍ നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. ജില്ലയില്‍ പലയിടത്തും ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുണ്ടായി.[]

എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ ഒരു പോലീസുകാരന്‌ പരുക്കേറ്റു. തളാപ്പിലെ എല്‍.ഐ.സി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഓഫീസിന്റെ രണ്ട് വാതിലുകള്‍ തകര്‍ന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സച്ചിന്‍ ഗോപാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എ.ബി.വി.പി. സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ ആറിന് എ.ബി.വി.പി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രചാരണത്തിന് പള്ളിക്കുന്ന് ഗവ. ഹൈസ്‌കൂളില്‍ എത്തിയ സച്ചിനെ പുറമെനിന്ന് എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു.

വയറിലും മറ്റും ആഴത്തില്‍ മുറിവേറ്റ സച്ചിനെ എ.കെ.ജി. ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. സംഭവത്തില്‍ നാല് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more