| Monday, 13th May 2024, 5:44 pm

റായ്ബറേലിയിൽ ആളൊന്നിന് നൂറു രൂപ; അമിത്ഷായുടെ റാലിയിൽ പങ്കെടുക്കാൻ ബി.ജെ.പി വാഗ്ദാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ ഓരോരുത്തർക്കും 100 രൂപ വീതം വാഗ്ദാനം. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നടന്ന റാലിയിൽ പങ്കെടുക്കാനാണ് ആളുകൾക്ക് പണം നൽകിയത്. പണം ലഭിക്കാൻ മാത്രമായി നിരവധി ആളുകളാണ് റാലിയിൽ പങ്കെടുത്തത്.

റായ്ബറേലിയിലെ റാലിയിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകനെ തദ്ദേശീയ ബി.ജെ.പി നേതാക്കൾ ആക്രമിച്ചതോടുകൂടിയാണ് വിവരങ്ങൾ പുറംലോകമറിയുന്നത്. കഴിഞ്ഞ ദിവസം, ന്യൂസ് പോർട്ടലായ മോളിറ്റിക്സിൽ ജോലി ചെയ്യുന്ന രാഘവ് ത്രിവേദിയെയാണ് അമിത്ഷായുടെ റാലിക്കിടെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്.

ഇദ്ദേഹം റാലിയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളുടെ അഭിമുഖം പകർത്തിയിരുന്നു. ആ സ്ത്രീകളാണ് തങ്ങളെ ഗ്രാമ പ്രധാൻ, റാലിയിൽ പങ്കെടുക്കാൻ കൊണ്ടുവന്നത് ഒരാൾക്ക് 100 രൂപ വാഗ്ദാനം ചെയ്തിട്ടാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് അദ്ദേഹം ബി.ജെ.പി പ്രവർത്തകരോട് ഇതേക്കുറിച്ച് അന്വേഷിച്ചു. എന്നാൽ ബി.ജെ.പി പ്രവർത്തകർ അദ്ദേഹത്തെ ഉപദ്രവിക്കുകയായിരുന്നു.

‘ഇതേക്കുറിച്ചറിയാൻ ഞാൻ പ്രാദേശിക ബി.ജെ.പി നേതാക്കളെ സമീപിച്ചു. എന്നാൽ ബി.ജെ.പി പ്രവർത്തകരോട് വിഷയത്തെക്കുറിച്ച സംസാരിച്ചതോടുകൂടി അവർ എന്നെ കയ്യേറ്റം ചെയ്യുകയായിരുന്നു. ആദ്യം, അവർ എന്റെ ചോദ്യം നിഷേധിച്ചു. എന്നാൽ ഞാൻ സ്ത്രീകൾ പറഞ്ഞതിനെക്കുറിച്ച് അവരെ അറിയിച്ചപ്പോൾ, ഒരു സംഘം എന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോകുകയും ക്യാമറയുടെ റെക്കോർഡിംങ് ഇല്ലാതാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഞാൻ വിസമ്മതിച്ചപ്പോൾ, അവർ എന്നെ ആക്രമിക്കാൻ തുടങ്ങി. സഹായത്തിനായി ഞാൻ പോലീസിനോടും സമീപത്തുള്ളവരോടും അഭ്യർത്ഥിച്ചു, പക്ഷേ ആരും ഇടപെട്ടില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.

40 ഓളം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും രക്ഷിക്കാൻ എത്തിയില്ലെന്ന് മാധ്യമപ്രവർത്തകൻ ന്യൂസ്‌ലോൺഡ്രിയോട് പറഞ്ഞു.
അക്രമികൾക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് കമ്മീഷനോടും പ്രാദേശിക ഭരണകൂടത്തോടും ആവശ്യപ്പെട്ടു.

Content Highlight: B.J.P promises money to the civilians

We use cookies to give you the best possible experience. Learn more