ന്യൂദല്‍ഹി: മദ്യനയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണത്തില്‍ മറുപടിയുമായി ബി.ജെ.പി നേതാവ്.
തീഹാര്‍ ജയില്‍ ദല്‍ഹി സര്‍ക്കാരിന്റെ കീഴില്‍പ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ അരവിന്ദ് കെജ്‌രിവാളായിരിക്കാം സിസോദിയയെ കൊല്ലാന്‍ ശ്രമിക്കുന്നതെന്നുമാണ് ബി.ജെ.പി നേതാവും നടനുമായ മനോജ് തിവാരി പറഞ്ഞു.
‘മനീഷ് സിസോദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന ആം ആദ്മിയുടെ ആരോപണത്തെ സംശയിക്കേണ്ടിയിരിക്കുന്നു. അരവിന്ദ് കെജ്‌രിവാള്‍ ഒരു നുണയനും ചതിയനുമാണ്. ഇക്കാര്യം ദല്‍ഹിക്കാര്‍ക്ക് മാത്രമല്ല ഈ നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്.
ദല്‍ഹിയിലെ മുഴുവന്‍ ജയിലുകളും ദല്‍ഹി സര്‍ക്കാരിന്റെ കീഴിലാണ് വരുന്നത്. അതായത് നിലവില്‍ കെജ്‌രിവാളിന്റെയും ആം ആദ്മി സര്‍ക്കാരിന്റെയും.
കെജ്‌രിവാളിന്റെ ഒരുപാട് രഹസ്യങ്ങള്‍ അറിയാവുന്ന ആളാണ് സിസോദിയ. അതുകൊണ്ട് തന്നെ കെജ് രിവാളായിരിക്കാം സിസോദിയയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുന്നത്. ആപ്പിന്റെ കീഴിലുള്ള ജയിലില്‍ സിസോദിയക്കെങ്ങനെയാണ് വധഭീഷണിയുണ്ടാവുക,’ മനോജ് തിവാരി ചോദിച്ചു.
മാത്രമല്ല ജയിലിലുള്ള ആം ആദ്മി മുന്‍മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലിനകത്ത് വി.ഐ.പി പരിഗണന നല്‍കിയ കെജ്‌രിവാള്‍ ഇപ്പോള്‍ സിസോദിയയുടെ ജീവന് വേണ്ടി സംസാരിക്കുന്നത് തമാശയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോപണം ഉന്നയിക്കുന്നതിന് പകരം സിസോദിയയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘സത്യേന്ദ്ര ജെയ്ന്‍ ജയിലില്‍ വെച്ച് ബോഡി മസാജ് നല്‍കുന്ന വീഡിയോ പുറത്ത് വന്നതല്ലേ. എനിക്ക് തോന്നുന്നത് കെജ്‌രിവാളിന്റെ രഹസ്യം പുറത്തറിയാതിരിക്കാന്‍ വേണ്ടി അയാള്‍ തന്നെ സിസോദിയയെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെന്നാണ്. എന്നിട്ടത് മനപൂര്‍വം ബി.ജെ.പിയുടെ തലയിലിടാന്‍ ശ്രമിക്കുന്നു.
ജയിലിനകത്ത് വി.ഐ.പി മസാജ് നല്‍കാന്‍ അവര്‍ക്ക് പറ്റിയിട്ടുണ്ടെങ്കില്‍ കൊല്ലാനും അവര്‍ക്കേ പറ്റൂ. ആരോപണങ്ങള്‍ നിര്‍ത്തി സിസോദിയയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീഹാര്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം,’ അദ്ദേഹം പറഞ്ഞു.
മദ്യനയക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത് റിമാന്‍ണ്ടില്‍ കഴിയുന്ന മനീഷ് സിസോദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന് ആം ആദ്മി ആരോപണമുന്നയിച്ചിരുന്നു. കൊടും കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്‍ നമ്പര്‍ 1ലാണ് സിസോദിയയെ പാര്‍പ്പിച്ചതെന്നും അദ്ദേഹത്തിന്റെ ജീവന്‍ അപായപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ച് ആം ആദ്മി നേതാവ് സൗരവ് ഭരദ്വാജാണ് രംഗത്തെത്തിയത്.
Content Highlight: B.J.P M.P Manoj tiwari said aravind kejrival is trying to kill sisodiya