|

ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരിയുടെ പ്രസംഗത്തിന് പിന്തുണയുമായി ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

bjp-01ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്ന ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരിയുടെ പ്രസ്താവന പൂര്‍ണമായും ശരിയാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. അന്‍സാരിയുടെ പ്രസ്താവന ബി.ജെ.പിയെയോ എന്‍.ഡി.എയെയോ ലക്ഷ്യം വെച്ചുള്ളതല്ല മറിച്ച് ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതിനെതിരായാണ്. ഇക്കാര്യത്തില്‍ നടപടികള്‍ വേണമെന്ന് തന്നെയാണ് തന്റെ നിലപാടെന്നും നഖ്‌വി പറഞ്ഞു.

ഹമീദ്‌ അന്‍സാരി ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ വേദിയില്‍ നടത്തിയ പ്രസംഗത്തിനെതിരായി വി.എച്ച്.പി ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വരികയും അന്‍സാരി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് അന്‍സാരിയെ പിന്തുണച്ച് കൊണ്ട് ബി.ജെ.പിയിലെ മുസ്‌ലിം മുഖമായ അബ്ബാസ് നഖ്‌വി രംഗത്ത് വന്നിരിക്കുന്നത്.

അന്‍സാരിയുടെ പ്രസ്താവ വൈസ് പ്രസിഡന്റിന്റെ പദവിക്ക്് യോജിക്കുന്നതല്ലെന്നും ന്യൂനപക്ഷങ്ങളില്‍ ഇത് അസംതൃപ്തിയുണ്ടാക്കുമെന്നുമാണ് സംഘപരിവാര്‍ നേതാക്കള്‍ വിമര്‍ശിച്ചിരുന്നത്.

ആഗസ്റ്റ് 31നാണ് ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ വേദിയില്‍ വെച്ച്  രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നും  ഇന്ത്യന്‍ മുസ്‌ലിംങ്ങളുടെ അസ്തിത്വവും അന്തസും സംരക്ഷിക്കപ്പെടാന്‍ ഭരണകൂടം ഇടപടണമെന്നും പ്രസംഗിച്ചിരുന്നത്.

ഹമീദ്‌ അന്‍സാരിയുടെ പ്രസംഗത്തെ പിന്തുണച്ച് കോണ്‍ഗ്രസ്, ജെ.ഡി.യു തുടങ്ങിയ കക്ഷികളുടെ നേതാക്കളും രംഗത്ത് വന്നിരുന്നു.