| Monday, 6th May 2024, 8:43 am

ബി.ജെ.പി ഉന്നതന്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; പരാതിയുമായി ശോഭ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴയില്‍ തന്നെ തോല്‍പിക്കാന്‍ ഒരു ബി.ജെ.പി ഉന്നതന്‍ ശ്രമിച്ചതായി ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. ബി.ജെ.പി ജില്ലാതല കോര്‍ കമ്മിറ്റി യോഗത്തില്‍ ശോഭ സുരേന്ദ്രന്‍ ഇതു സംബന്ധിച്ച പരാതി ഉന്നയിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ കേരളത്തിലെ മറ്റൊരു മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ഉന്നത നേതാവാണ് തന്നെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ വ്യക്തമാക്കി.

പ്രചരണം സജീവമായിരിക്കെ അദ്ദേഹം തന്റെ മണ്ഡലമായ ആലപ്പുഴയിലേക്ക് നേരിട്ട് വരികയും, പ്രചരണം നിര്‍ത്തുവാന്‍ ശ്രമിച്ചതായും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹത്തിന്റെ വിശ്വസ്തരെ ഉപയോഗിച്ച് അണികളെ സ്വാധീനിച്ചുവെന്നും അതിനാല്‍ വേണ്ടവിധം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പോലും ആളുകള്‍ തന്നെ സഹായിച്ചില്ലെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

തന്റെ മണ്ഡലത്തിലെ 326 ബൂത്തുകളില്‍ ആദ്യം ആരും തന്നെ പ്രവര്‍ത്തിച്ചില്ല എന്നും പോസ്റ്ററുകള്‍ ഒട്ടിച്ചത് പോലും ആഴ്ചകള്‍ കഴിഞ്ഞിട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തല്‍ക്കാലം താന്‍ ഇത്ര വിവരങ്ങള്‍ മാത്രമേ പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും ബാക്കി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പറയാം എന്നും അവര്‍ വ്യക്തമാക്കി. ഒടുവില്‍ തന്റെ പ്രചരണത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണവര്‍ നിര്‍ത്തിയത്.

ശോഭാ സുരേന്ദ്രന്റെ മാനേജര്‍ക്ക് വാഹനം നിഷേധിച്ചതും അഖിലേന്ത്യ നേതാക്കന്മാരെ മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറക്കാതിരുന്നതുമെല്ലാം
ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ശോഭയുടെ പക്ഷത്തും ന്യായമുണ്ടെന്ന് യോഗത്തില്‍ ഉണ്ടായിരുന്ന ചിലര്‍ പറഞ്ഞു. മണ്ഡലത്തിന്റെ പ്രധാന ചുമതലകള്‍ നല്‍കിയ ജില്ലാ പ്രസിഡണ്ട് എം.വി. ഗോപകുമാര്‍ തന്റെ കര്‍ത്തവ്യത്തില്‍ പരാജയപ്പെട്ടതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ശോഭ സുരേന്ദ്രനെ എതിര്‍ക്കുന്ന ഉന്നത നേതാവിന്റെ ഏറ്റവും അടുത്ത അനുയായിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആയി നിയമിച്ചതും യോഗത്തില്‍ ചര്‍ച്ചയായി. ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാംകുളം പരമേശ്വരന്‍, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, ജില്ലാ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ ശോഭ സുരേന്ദ്രനെതിരേ നിന്ന ഉന്നത നേതാവിനെ പരസ്യമായി വിമര്‍ശിച്ചു.

Content Highlight: ‘B.J,P leader tried to betray me’ statement of Shobha Suredran

Latest Stories

We use cookies to give you the best possible experience. Learn more