കണ്ണൂര്‍: എ.ബി.വി.പി. കണ്ണൂര്‍ നഗര്‍ കമ്മിറ്റിയംഗം സച്ചിന്‍ ഗോപാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.[]
ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സച്ചിന്‍ ഗോപാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എ.ബി.വി.പി. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് മാസം മുന്‍പ് പള്ളിക്കുന്ന് സ്‌കൂളിന് സമീപം വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ പരുക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന കൊറ്റാളി മാണിക്യം ഹൗസില്‍ ഗോപാലന്റെ മകന്‍ സച്ചിന്‍ ഗോപാല്‍ ഇന്നലെ വൈകീട്ടാണ് മരിച്ചത്.
കഴിഞ്ഞ ജൂലൈ ആറിന് എ.ബി.വി.പി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രചാരണത്തിന് പള്ളിക്കുന്ന് ഗവ. ഹൈസ്‌കൂളില്‍ എത്തിയ സച്ചിനെ പുറമെനിന്ന് എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നാല് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് വിലാപയാത്രയായി പയ്യാമ്പലത്ത് സംസ്‌കരിക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എ.ബി.വി.പി – ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു.
കുത്തേറ്റ് ഗുരുതരമായി പരുക്കുകളോടെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സച്ചിന്‍ ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്.