തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
Daily News
തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st August 2014, 10:21 am

[] ന്യൂദല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഫാക്ടറിനിയമം, അപ്രന്റിസ് നിയമം എന്നിവയിലെ ഭേദഗതിയിലൂടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

ഫാക്ടറി, തൊഴില്‍ നിയമങ്ങളില്‍ ചെറുതും വലുതുമായ 48 ഭേദഗതികളാണ് മന്ത്രിസഭ അംഗീകരിച്ചത്. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് മൂലം നടപ്പാക്കാതിരുന്ന ഭേദഗതികള്‍ക്കാണ് എന്‍.ഡി.എ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 1961ലെ അപ്രന്റിസ് നിയമം 1988 ലെ തൊഴില്‍ നിയമം തുടങ്ങിയവയിലാണ് ഭേദഗതി വരുത്തുന്നത്.

കമ്പനികളില്‍ തൊഴിലാളി സൗഹൃദ അന്തരീക്ഷം വളര്‍ത്താനും തൊഴില്‍ ചൂഷണം ഒഴിവാക്കാനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഭേദഗതി അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വിശദമാക്കുന്നത്. തൊഴിലാളികളുടെ അധികസമയ ജോലിയുടെ പരിധി വര്‍ഷത്തില്‍ 50 മണിക്കൂര്‍ ആയിരുന്നത് 100 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കാന്‍ ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്.

75 തൊഴിലാളികള്‍ക്ക് ഉചിതമായ വിശ്രമ മുറി, 200 തൊഴിലാളികളുളള കമ്പനികളില്‍ നിര്‍ബന്ധിത കാന്റീന്‍ സൗകര്യങ്ങള്‍, ഗര്‍ഭിണികളല്ലാത്ത സ്ത്രീകള്‍ക്ക് യന്ത്രങ്ങളില്‍ ജോലി ചെയ്യാനുളള അനുമതി, ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും വാര്‍ഷിക ലീവിനുളള മാനദണ്ഡങ്ങളില്‍ ഇളവ് തുടങ്ങിയ വ്യവസ്ഥകളും ഭേദഗതി മുന്നോട്ട് വെക്കുന്നു.

ഭേദഗതി നിലവില്‍ വരുന്നതോടെ 40ല്‍ താഴെ മാത്രം തൊഴിലാളികളുള്ള സ്ഥാപനങ്ങളെ തൊഴില്‍ ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കും. ഫാക്ടറികളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാനുള്ള വിലക്ക് നീക്കുവാനും വേതനത്തോടുകൂടിയ വാര്‍ഷിക അവധികള്‍ കുറക്കുവാനും പുതിയ തൊഴില്‍ നിയമം ലക്ഷ്യമിടുന്നു.

അതേസമയം തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തതെന്നും ഭേദഗതിക്കെതിരെ  സമരത്തിനിറങ്ങുമെന്നും വിവിധ ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.