നാലിടത്ത് ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികള്‍ ആയില്ല; ദല്‍ഹിയില്‍ നിന്ന് വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്ന് നേതാക്കന്‍മാര്‍
Kerala
നാലിടത്ത് ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികള്‍ ആയില്ല; ദല്‍ഹിയില്‍ നിന്ന് വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്ന് നേതാക്കന്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2024, 8:54 am

സംസ്ഥാനത്ത് നാല് ഇടങ്ങളില്‍ എന്‍.ഡി.എ മുന്നണിക്ക് ഇനിയും സ്ഥാനാര്‍ത്ഥികള്‍ ആയില്ല. കൊല്ലം എറണാകുളം ആലത്തൂര്‍ വയനാട് എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഉള്ളത്.

മുന്നണിയിലെ ധാരണ പ്രകാരം നാലിടത്തും ബി.ജെ.പിയാണ് മത്സരിക്കേണ്ടത്. ബി.ജെ.പിയുടെ ആദ്യ പട്ടികയില്‍ സംസ്ഥാനത്തെ എട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ശേഷം ബി.ഡി.ജെ.എസ് നല്‍കിയ നാല് സീറ്റുകളുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നു.

ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എപ്പോഴാണെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് പോലും വ്യക്തമല്ല. ദല്‍ഹിയില്‍ നിന്ന് വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സംസ്ഥാന നേതാക്കന്മാരുടെ പ്രതികരണം.

അതിനിടെ, ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി എസ്. രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ ബുധനാഴ്ച പുറത്ത് വന്നത്. എസ്. രാജേന്ദ്രന്‍ സി.പി.ഐ.എമ്മിലെ അംഗത്വം പുതുക്കാത്തത് വലിയ വാര്‍ത്ത ആയിരുന്നു. അന്ന് മുതല്‍ അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് രാജേന്ദ്രന്‍ ഇടത് പക്ഷം വിട്ട് പോകില്ല എന്നാണ് അറിയിച്ചത്.

ഇടത്, വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥി പര്യടനം രണ്ടും മൂന്നും ഘട്ടം പൂര്‍ത്തിയാക്കിയിട്ടും പ്രചാരണത്തിന്‍ ഇറങ്ങാന്‍ ആകാത്ത അവസ്ഥയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍.

 

Content Highlight: B.J.P did not field candidates in four seats