ബി.ജെ.പി കൗണ്‍സിലര്‍മാരെ മാലിന്യ പ്ലാന്റില്‍ പൂട്ടിയിട്ടു; ഞെളിയന്‍ പറമ്പില്‍ സംഘര്‍ഷം
Kerala News
ബി.ജെ.പി കൗണ്‍സിലര്‍മാരെ മാലിന്യ പ്ലാന്റില്‍ പൂട്ടിയിട്ടു; ഞെളിയന്‍ പറമ്പില്‍ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th March 2023, 8:21 pm

കോഴിക്കോട്: ഞെളിയന്‍ പറമ്പ് മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി കൗണ്‍സിലര്‍മാരെ ജീവനക്കാര്‍ പൂട്ടിയിട്ടതായി പരാതി. പത്തോളം വരുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാരെയും ചില മാധ്യമ പ്രവര്‍ത്തകരെയുമാണ് അരമണിക്കൂറോളം പ്ലാന്റിനകത്ത് പൂട്ടിയിട്ടത്. കോഴിക്കോട് കോര്‍പ്പറേഷന്‍ അധികാരികളാണ് തങ്ങളെ പൂട്ടിയിടാന്‍ നിര്‍ദേശിച്ചതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

ജീവനക്കാര്‍ ഗെയ്റ്റ് തുറക്കാന്‍ വിസമ്മതിച്ചതോടെ പൊലീസ് രംഗത്തെത്തിയാണ് കൗണ്‍സിലര്‍മാരെ പുറത്തിറക്കിയത്. മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടെന്നും കോര്‍പ്പറേഷന്‍ നിസംഗത വെടിയണമെന്നും ബി.ജെ.പി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയതെന്നും ഉള്ളില്‍ കടന്നയുടനെ സെക്യൂരിറ്റി ജീവനക്കാര്‍ ഗെയ്റ്റ് പൂട്ടുകയായിരുന്നെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

‘കോര്‍പ്പറേഷന്‍ അധികാരികളാണ് ഞങ്ങളെ പൂട്ടിയിടാന്‍ നിര്‍ദേശം നല്‍കിയത്. ഗെയ്റ്റ് തുറക്കാന്‍ പറഞ്ഞിട്ടും അവര്‍ തയ്യാറായില്ല. ചോദിച്ചപ്പോള്‍ മുകളില്‍ നിന്നും ഉത്തരവുണ്ടെന്നാണ് അവര്‍ പറഞ്ഞത്. മാലിന്യ പ്ലാന്റിനെതിരെ ബി.ജെ.പി സമരത്തിനിറങ്ങുമെന്ന് ആദ്യമേ പറഞ്ഞതാണ്. ഇതറിഞ്ഞ കോര്‍പ്പറേഷന്‍ അധികാരികള്‍ മനപൂര്‍വ്വം ഞങ്ങളെ പൂട്ടിയിട്ടതാണ്.

ബി.ജെ.പി ജില്ലാ കമ്മിറ്റിയില്‍ നിന്നും വിളിച്ച് പറഞ്ഞിട്ടാണ് ഇപ്പോള്‍ ഗെയ്റ്റ് തുറക്കാന്‍ അവര്‍ തയ്യാറായത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും. നാളെ തന്നെ പ്ലാന്റിലേക്ക് സമരം നടത്താനാണ് പാര്‍ട്ടി തീരുമാനം,’ ബി.ജെ.പി കൗണ്‍സിലര്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച്ച ഞെളിയന്‍ പറമ്പ് മാലിന്യ പ്ലാന്റില്‍ ചെറിയ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. തീ ഉടനെ അണച്ചതിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള അപകടമാണ് ഒഴിവായത്. വിഷയത്തില്‍ കോര്‍പ്പറേഷന്റെ നടപടികള്‍ കാര്യക്ഷമമല്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്ലാന്റ് സന്ദര്‍ശിക്കാനെത്തിയത്.

Content Highlight: B.J.P Councilors were locked at waste plant in calicut